കുവൈത്ത് സിറ്റി: ഇസ്രായേലികൾ വിദേശ പാസ്പോർട്ടുമായി കുവൈത്തില്‍ പ്രവേശിക്കുന്നത് തടയണമെന്ന് നിർദേശിച്ച് പാര്‍ലമെന്റ് അംഗം ഹമദ് അൽ ഒലയാൻ. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച പ്രോട്ടോകോൾ വ്യക്തമാക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. കുവൈത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഇസ്രായേലികളുമായുള്ള സാധാരണവത്കരണം തടയുന്ന നിയമം നടപ്പാക്കുന്നതും ലക്ഷ്യമിട്ടുള്ള തന്ത്രം ആഭ്യന്തര മന്ത്രാലയത്തിന് ഉണ്ടോ എന്നതിനെക്കുറിച്ചും അൽ ഒലയാൻ വ്യക്തത തേടിയതായും അറബ്ടൈംസ് റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ പൗരന്മാർക്ക് മറ്റു രാജ്യങ്ങളിൽനിന്നുള്ള പാസ്പോർട്ടുമായി കുവൈത്തിൽ എത്തിയാൽ പ്രവേശനം തടയുന്നതിനുള്ള നടപടികളെക്കുറിച്ചും ആരാഞ്ഞു.
ഇക്കാര്യത്തിൽ മന്ത്രാലയം ഏർപ്പെടുത്തിയ സംവിധാനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും തേടി. സ്ഥിരീകരണത്തിനായി ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുണ്ടോ അതോ മന്ത്രാലയത്തിന് ലഭിച്ച വിവരങ്ങളെ മാത്രമാണോ ആശ്രയിക്കുന്നത് എന്നും ചോദിച്ചു.
2003നും 2023നും ഇടയിൽ, വിദേശ പൗരന്മാരും പാസ്പോർട്ടും ഉള്ള വ്യക്തികൾ കുവൈത്തിൽ പ്രവേശിച്ച സംഭവങ്ങൾ ഉണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ചിലർക്ക് ഇസ്രായേൽ പൗരത്വം ഉണ്ടെന്ന് പിന്നീട് തെളിഞ്ഞു. ഇത്തരം കേസുകളിൽ മന്ത്രാലയത്തിന്റെ നടപടികളുടെ രേഖകൾ അദ്ദേഹം അഭ്യർഥിച്ചു. ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ പദ്ധതിയുമായി ബന്ധപ്പെട്ട് കുവൈത്തിന്റെ നിലപാടിനെക്കുറിച്ചുള്ള വിവരങ്ങളും അൽ ഒലയാൻ തേടി. ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ നടപ്പാക്കുന്ന ഗൾഫ് രാജ്യങ്ങളുടെ ഭാഗമാകാൻ കുവൈത്ത് ഉദ്ദേശിക്കുന്നുണ്ടോയെന്നും രാജ്യത്ത് എപ്പോൾ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.