കുവൈത്ത് സിറ്റി: ഖരീഫ് സീസണിനോടനുബന്ധിച്ച് കുവൈത്തിൽനിന്ന് ഒമാനിലെ സലാലയിലേക്ക് കൂടുതൽ വിമാനങ്ങൾ. കുവൈത്ത് ബജറ്റ് വിമാനക്കമ്പനിയായ ജസീറ എയർവേസിന്റെ ആദ്യ വിമാനം ദോഫാറിലെ സലാല വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം എത്തി.
പരമ്പരാഗത വാട്ടർ സല്യൂട്ട് നൽകിയാണ് വിമാനത്തെ അധികൃതർ വരവേറ്റത്. യാത്രക്കാരെ പൂക്കളും സുവനീറും നൽകി ഒമാൻ എയർപോർട്ട് ജീവനക്കാരും സ്വീകരിച്ചു. ഖരീഫ് സീസണിനോടനുബന്ധിച്ച് സലാലക്കും കുവൈത്തിനുമിടയിൽ ആഴ്ചയിൽ മൂന്നു ദിവസമായിരിക്കും ജസീറ എയർവേസ് സർവിസ് നടത്തുക. വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലായിരിക്കും മസ്കത്തിനും കുവൈത്തിനുമിടയിൽ ജസീറ എയർവേസ് പറക്കുക.
സർവിസ് തുടങ്ങിയതിൽ സന്തോഷം പ്രകടിപ്പിച്ച് കേക്ക് മുറിക്കുകയും ചെയ്തു. കുവൈത്ത് എയർവേസ് ഒമാനിലെ സലാലയിലേക്ക് കഴിഞ്ഞ ആഴ്ച മുതൽ വിമാന സർവിസ് ആരംഭിച്ചിട്ടുണ്ട്. ശനി, ചൊവ്വ ദിവസങ്ങളിൽ രണ്ടുവീതം സർവിസാണ് കുവൈത്ത് എയർവേസ് നടത്തുന്നത്. ഖരീഫിനോടനുബന്ധിച്ചുള്ള മഴക്കാല സീസൺ ഒമാനിൽ ആരംഭിക്കുന്നത് ജൂൺ 23 മുതൽ സെപ്റ്റംബർ 21 വരെയാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഇവിടേക്ക് ഓരോ സീസണിലും എത്താറുള്ളത്.
ദോഫാർ ഗവർണറേറ്റിന്റെ അനുകൂല കാലാവസ്ഥയും പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളും സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. കഴിഞ്ഞ രണ്ടു വർഷവും മുടങ്ങിക്കിടന്ന ഫെസ്റ്റിവലാണ് വികേന്ദ്രീകൃത സ്വഭാവത്തിൽ ഈ വർഷം നടത്തുന്നത്. 2019ൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 7,50,000 സഞ്ചാരികളാണ് ദോഫാർ ഗവർണറേറ്റിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.