കുവൈത്ത് സിറ്റി: കൊറോണ മഹാമാരി തീർത്ത ഇടവേളക്കുശേഷം പ്രത്യേകം ക്ഷണിക്കപ്പെട്ടവർക്കുവേണ്ടി കെ.ഐ.ജി കേന്ദ്ര കമ്മിറ്റി നടത്തിയ ഇഫ്താർ വിരുന്ന് കുവൈത്തിൽ മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ സ്നേഹസൗഹൃദങ്ങൾക്ക് വേദിയൊരുക്കി. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ആസൂത്രിത ശ്രമങ്ങളെ സ്നേഹംകൊണ്ട് തോൽപിക്കണമെന്ന് കെ.ഐ.ജി കുവൈത്ത് പ്രസിഡൻറ് പി.ടി. ശരീഫ് പറഞ്ഞു. ഇഫ്താറിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത ആശയങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഉന്നമനത്തിനുവേണ്ടി ഒന്നിക്കാനുള്ള ഒരുപാട് സാധ്യതകളുണ്ട്. അത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര വൈസ് പ്രസിഡൻറ് സക്കീർ ഹുസൈൻ തുവ്വൂർ റമദാൻ സന്ദേശം നൽകി. മനുഷ്യർക്ക് മാർഗനിർദേശം നൽകുന്നതും മുൻവേദങ്ങളെ സത്യപ്പെടുത്തുന്നതുമായ വിശുദ്ധ ഖുർആൻ നൽകിയതിനുള്ള നന്ദി പ്രകടനമാണ് വ്രതം എന്നും അദ്ദേഹം പറഞ്ഞു. എല്ലാമനുഷ്യരും ദൈവത്തിന്റെ സൃഷ്ടികളാണെന്നതും അവർക്കിടയിലെ വൈവിധ്യം പരസ്പരം തിരിച്ചറിയാൻ ആണെന്നുമുള്ള ഖുർആനിക ആശയം തന്നെയാണ് സന്ദേശമായി പറയാനുള്ളതെന്ന് സക്കീർ ഹുസൈൻ തുവ്വൂർ കൂട്ടിച്ചേർത്തു. മലയാളി സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ മുൻനിരയിൽ നിൽക്കുന്ന നിരവധി പ്രമുഖരാണ് ഖൈത്താൻ രാജധാനി റസ്റ്റാറൻറിൽ നടന്ന ഇഫ്താറിൽ പങ്കെടുത്തത്. അനീസ് അബ്ദുസ്സലാം ഖുർആൻ പാരായണം നടത്തി. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതവും പ്രോഗ്രാം കൺവീനർ കെ.വി. ഫൈസൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.