കുവൈത്ത് സിറ്റി: തുർക്കിയ, സിറിയ എന്നിവിടങ്ങളിൽ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.കെ.ഐ.സി) ശേഖരിച്ച റിലീഫ് ഫണ്ട് ജംഇയ്യത്ത് ഇഹ്യാഉത്തുറാസ് അൽ ഇസ്ലാമിയെ ഏൽപിച്ചതായി ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റി അറിയിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന കുവൈത്തിലെ സംഘടനയാണ് ജംഇയ്യത്ത് ഇഹ്യാഉത്തുറാസ് അൽ ഇസ്ലാമി. 6900 ദീനാർ ഫർവാനിയ ദാറുൽ ഹിക്മയിൽ നടന്ന ചടങ്ങിൽ ഇസ്ലാഹി സെന്റർ ആക്ടിങ് പ്രസിഡന്റ് സി.പി. അബ്ദുൽ അസീസ് ജംഇയ്യത് ഇഹ്യാഉത്തുറാസ് ഇന്ത്യൻ കോണ്ടിനെന്റൽ കമ്മിറ്റി ചെയർമാൻ ശൈഖ് ഫലാഹ് ഖാലിദ് അൽ മുതൈരിക്ക് കൈമാറി. കുവൈത്തിൽ ജോലി തേടിയെത്തിയ പ്രവാസികൾ ഇത്തരം ജീവകാരുണ്യ പ്രവർത്തനം നടത്തുന്നതിൽ ശൈഖ് ഫലാഹ് അൽ മുതൈരി സംതൃപ്തിയും സന്തോഷവും രേഖപ്പെടുത്തുകയും നന്ദി അറിയിക്കുകയും ചെയ്തു.
ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ, സോഷ്യൽ വെൽഫെയർ സെക്രട്ടറി മുഹമ്മദ് അസ്ലം കാപ്പാട്, ഓർഗനൈസിങ് സെക്രട്ടറി സക്കീർ കൊയിലാണ്ടി, പബ്ലിക് റിലേഷൻസ് സെക്രട്ടറി എൻ.കെ. അബ്ദുസ്സലാം, സെന്റർ സോണൽ ഭാരവാഹികളായ അബ്ദുൽ അസീസ് നരക്കോട്, ഹാഫിദ് സാലിഹ് സുബൈർ ആലപ്പുഴ, മുഹമ്മദ് അഷ്റഫ് മദനി എകരൂൽ, ഹാഫിദ് മുഹമ്മദ് അസ്ലം എന്നിവർ പങ്കെടുത്തു. സഹായധനത്തിന് പുറമെ കമ്പിളിപ്പുതപ്പുകളും വസ്ത്രങ്ങളും കെ.കെ.ഐ.സി ശേഖരിച്ചു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.