കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീൻ ജനതക്ക് പിന്തുണയുമായി കുവൈത്ത്. ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് ആവശ്യമായ ആശ്വാസവും വൈദ്യസഹായവും നൽകാനും ലക്ഷ്യമിട്ടുള്ള ‘എയ്ഡ് ഫലസ്തീൻ’ എന്ന പേരിലുള്ള സംഭാവന കാമ്പയിന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) തിങ്കളാഴ്ച തുടക്കമിട്ടു.
പരിക്കേറ്റവരെ ചികിത്സിക്കാനുള്ള ആശുപത്രികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഇതുവഴി ലഭ്യമാക്കും. ഫലസ്തീനികളോടുള്ള ദേശീയവും മാനുഷികവുമായ കർത്തവ്യ ബോധത്താലാണ് ഇതെന്ന് കെ.ആർ.സി.എസ് സൊസൈറ്റി ചീഫ് ഓഫ് ഡയറക്ടേഴ്സ് ഡോ. ഹിലാൽ അൽ സെയർ പറഞ്ഞു.
ആവശ്യമായ സഹായം എത്രയും വേഗം എത്തിക്കുന്നതിന് സൊസൈറ്റി അതിന്റെ ഫലസ്തീനിയൻ സംഘവുമായി ഏകോപിപ്പിച്ചു പ്രവർത്തിക്കുന്നുണ്ടെന്ന് അൽ സെയർ സൂചിപ്പിച്ചു. കുവൈത്ത് പൗരന്മാരോടും താമസക്കാരോടും സൊസൈറ്റിയുടെ വെബ്സൈറ്റിലൂടെ സംഭാവന നൽകാൻ ഡോ. ഹിലാൽ അൽ സെയർ ആവശ്യപ്പെട്ടു.
അടിയന്തര ഘട്ടങ്ങളിലെ മാനുഷികസഹായം കുവൈത്തിന് അപരിചിതമല്ലെന്നും അദ്ദേഹം ഉണർത്തി. ഇസ്രായേൽ അധിനിവേശം മൂലമുണ്ടാകുന്ന ദാരുണമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഫലസ്തീൻ ജനതയെ പിന്തുണക്കാൻ അന്താരാഷ്ട്ര സമൂഹത്തിനും മാനുഷിക സംഘടനകൾക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്ന് അൽ സെയർ വ്യക്തമാക്കി.
ഫലസ്തീൻ ജനതക്കായി സാമൂഹികകാര്യ മന്ത്രാലയം ഞായറാഴ്ച അടിയന്തര ദുരിതാശ്വാസ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. സാമൂഹിക, കുടുംബ, ബാലകാര്യ മന്ത്രി ശൈഖ് ഫിറാസ് സൗദ് അൽമാലിക് അസ്സബാഹിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കാമ്പയിൻ. കാമ്പയിനിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യാൻ പ്രാദേശിക ചാരിറ്റി സംഘടനകളെ മന്ത്രാലയം ക്ഷണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.