കുവൈത്ത് സിറ്റി: യമനിലെ മാരിബ് ഗവർണറേറ്റിൽ ആരോഗ്യ സേവനവുമായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്). മൂത്രാശയ ശസ്ത്രക്രിയക്കുള്ള സൗജന്യ മെഡിക്കൽ ക്യാമ്പാണ് കെ.ആർ.സി.എസ് ആരംഭിച്ചത്.
പത്താം വർഷത്തിലേക്ക് കടന്ന ‘കുവൈത്ത് ബൈ യുവർ സൈഡ്’ കാമ്പയിനിന്റെ ഭാഗമായി ഗവർണറേറ്റിലെ കാരി ജനറൽ ആശുപത്രിയിൽ 100 ശസ്ത്രക്രിയകൾ നടത്താനാണ് പദ്ധതി.100 മൂത്രാശയ ശസ്ത്രക്രിയകൾ, കല്ലുകൾ വേർതിരിച്ചെടുക്കുക, യൂറിറ്ററൽ സ്റ്റെന്ററുകൾ ഘടിപ്പിക്കുക, മറ്റു ശസ്ത്രക്രിയാ ഇടപെടലുകൾ എന്നിവ ക്യാമ്പിൽ നടത്തും.
സൗജന്യ വൈദ്യപരിശോധനയും മരുന്നുകൾ വിതരണവും നടത്തും. യമനിലെ രോഗികൾക്ക് ആരോഗ്യ സംരക്ഷണത്തിന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പ്. രോഗികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന് ഇത്തരം മെഡിക്കൽ ക്യാമ്പുകൾ അനിവാര്യമാണെന്ന് ഗവർണറേറ്റിലെ ആരോഗ്യ, ജനസംഖ്യ ഓഫിസ് ഡയറക്ടർ ജനറൽ അഹമ്മദ് അൽ അബാദി പറഞ്ഞു.
നിരവധി രോഗികളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ആരോഗ്യ പദ്ധതികൾ നടപ്പിലാക്കുന്നതിൽ കെ.ആർ.സി.എസ് മികച്ച ശ്രദ്ധ ചെലുത്തുന്നതായി റെസ്പോൺസ് ഫൗണ്ടേഷൻ മാരിബിന്റെ ഓഫീസ് ഡയറക്ടർ മുഹമ്മദ് സലിം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.