കുവൈത്ത് സിറ്റി: കുവൈത്ത് - ഇറാഖ് സമുദ്രാതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുപേർക്ക് ഗുരുതരമല്ലാത്ത പരിക്കേറ്റു. കുവൈത്ത് സമുദ്രാതിർത്തിലേക്ക് കടന്നുകയറാൻ ശ്രമിച്ച ബോട്ട് കുവൈത്ത് തീരസംരക്ഷണ സേന തടഞ്ഞതാണ് ഏറ്റുമുട്ടലിന് വഴിയൊരുക്കിയത്.
ആയുധം കൈവശമുള്ള നാലുപേരടങ്ങിയ ഇറാഖി സംഘമാണ് പ്രശ്നം സൃഷ്ടിച്ചതെന്ന് കുവൈത്ത് തീരസംരക്ഷണ സേന വ്യക്തമാക്കി. രണ്ടു പക്ഷത്തുനിന്നും ഒാരോരുത്തർക്കാണ് പരിക്കുപറ്റിയത്. ഇറാഖി ബോട്ടും നാലുപേരെയും തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്തു. ഖൂർ അബ്ദുല്ല ഭാഗത്ത് കുവൈത്തും ഇറാഖും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്നുണ്ട്. ഇരുഭരണകൂടങ്ങളും തമ്മിൽ പ്രശ്നമൊന്നുമില്ലെങ്കിലും കുവൈത്ത് കൈയേറ്റം നടത്തിയതായ ചില ഇറാഖ് പാർലമെൻറംഗങ്ങളുടെ ആരോപണമാണ് നേരിയ സംഘർഷാവസ്ഥ സൃഷ്ടിച്ചത്.
അതിർത്തിപ്രദേശത്തുള്ള ഖുർ അബ്ദുല്ല ജലപാതയിലെ കപ്പലോട്ടവുമായി ബന്ധപ്പെട്ടാണ് തർക്കം. ഇക്കാര്യത്തിൽ ഇറാഖ് സർക്കാർ കുവൈത്തിന് കീഴടങ്ങിയെന്നാണ് ചില എം.പിമാർ പാർലമെൻറിൽ ആരോപണം ഉന്നയിച്ചത്. ജലപാതയുടെ ഉപയോഗം സംബന്ധിച്ച് ഇരുരാജ്യങ്ങളും 2012ൽ ധാരണയിലെത്തിയിരുന്നു. 1990ലെ അധിനിവേശകാലം തൊട്ട് നിലനിൽക്കുന്ന തർക്കം ഇനിയും ശാശ്വതമായി പരിഹരിക്കാനായിട്ടില്ല. തർക്കങ്ങൾ പരിഹരിക്കാൻ ഇക്കഴിഞ്ഞ ജനുവരി 24, 27 തീയതികളിൽ ഇറാഖ് അധികൃതരുമായി കുവൈത്ത് ചർച്ച നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാനായിട്ടില്ല. കുവൈത്തും ഇറാഖും സംയുക്തമായി പുതിയ മാപ്പ് വരക്കാനും അതിെൻറ ചെലവ് ഒരുമിച്ച് വഹിക്കാനും ഏകദേശ ധാരണയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.