കുവൈത്ത് സിറ്റി: ഗസ്സയിൽ അണുബോംബ് വർഷിക്കുമെന്ന് ഇസ്രായേൽ ഭീഷണിപ്പെടുത്തിയതായി ഓസ്ട്രിയയിലെ കുവൈത്ത് അംബാസഡറും വിയനയിലെ യു.എൻ ഓർഗനൈസേഷനിലെ സ്ഥിരം പ്രതിനിധിയുമായ തലാൽ അൽ ഫസ്സാം. വിയനയിൽ നടക്കുന്ന ഇന്റർനാഷനൽ ആറ്റോമിക് എനർജി ഏജൻസി (ഐ.എ.ഇ.എ) ബോർഡ് ഓഫ് ഗവർണേഴ്സിന്റെ പതിവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രായേലി കാബിനറ്റ് അംഗത്തിന്റെ പ്രസ്താവന ഇസ്രയേലിന്റെ സൈനിക ആയുധശേഖരത്തിൽ വൻ നശീകരണ ആയുധങ്ങൾ ഉൾകൊള്ളുന്നു എന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ഭയത്തെ സ്ഥിരീകരിക്കുന്നു. സമഗ്രമായ സുരക്ഷാ സംവിധാനം ഒരുക്കാനും നടപ്പാക്കാനും ഐ.എ.ഇ.എയുടെ പങ്ക് നിറവേറ്റുന്നതിന്, എൻ.പി.ടിയിൽ ഉടൻ ചേരാൻ ഇസ്രായേലിനെ പ്രേരിപ്പിക്കാൻ നടപടി കൈക്കൊള്ളണമെന്നും കുവൈത്ത് പ്രതിനിധി ആവശ്യപ്പെട്ടു.
ഫലസ്തീൻ ജനതക്കെതിരായ വംശഹത്യ കുറ്റകൃത്യങ്ങൾ വെടിനിർത്തലിലൂടെ അവസാനിപ്പിക്കണം. ദുരിതബാധിതർക്ക് മാനുഷികസഹായം എത്തിക്കാനും ഫലസ്തീൻ ജനതക്ക് സംരക്ഷണം നൽകാനും ഇടപെടണം. ഗസ്സയിലെ കുറ്റകൃത്യങ്ങൾക്ക് ഇസ്രായേലിനെ ഉത്തരവാദിയാക്കണം. കിഴക്കൻ ജറൂസലം തലസ്ഥാനമാക്കി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്ന ഫലസ്തീൻ ജനതയുടെ അവകാശങ്ങളെ കുവൈത്ത് പിന്തുണക്കുന്നു. ഫലസ്തീൻ പ്രശ്നം കുവൈത്തിന്റെ വിദേശനയ അജണ്ടയിൽ ഒന്നാമതായി തുടരുമെന്നും തലാൽ അൽ ഫസ്സാം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.