കുവൈത്ത് സിറ്റി: ഫലസ്തീൻ പൂർണമായ അവകാശങ്ങൾ നേടിയെടുക്കുന്നതുവരെ മാനുഷികമായും രാഷ്ട്രീയമായും പിന്തുണ തുടരുമെന്ന് കുവൈത്ത്. ജനീവയിൽ നടന്ന യു.എൻ മനുഷ്യാവകാശ കൗൺസിലിന്റെ (യു.എൻ.എച്ച്.ആർ.സി) 55ാമത് സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യയാണ് കുവൈത്തിന്റെ നിലപാട് ആവർത്തിച്ചത്.
ആക്രമണം അവസാനിപ്പിക്കാനും ചർച്ച പുനരാരംഭിക്കാനും നടത്തുന്ന എല്ലാ ശ്രമങ്ങളെയും കുവൈത്ത് പിന്തുണക്കുന്നു. എന്നാൻ, ഈ ശ്രമങ്ങളോട് ആത്മാർഥമായ പ്രതികരണത്തിന്റെ അഭാവം കാണുന്നതിൽ സങ്കടമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിന് ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ സെക്യൂരിറ്റി കൗൺസിലിനോടും അന്താരാഷ്ട്ര സമൂഹത്തോടുമുള്ള കുവൈത്തിന്റെ ആഹ്വാനം മന്ത്രി പുതുക്കി.
മനുഷ്യാവകാശ കൗൺസിലിന്റെ 55ാമത് സമ്മേളനം നടക്കുമ്പോഴും സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം പുറപ്പെടുവിച്ചതിന്റെ 75ാം വാർഷികം ആഘോഷിച്ചതിനു ശേഷവും ഫലസ്തീൻ ജനത അധിനിവേശത്തിന്റെ അടിച്ചമർത്തലിന് കീഴിലാണെന്നത് നിർഭാഗ്യകരമാണ്. അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടുകെണ്ടേയിരിക്കുന്നു. മനുഷ്യാവകാശ കൗൺസിലിന് മുമ്പാകെ ഫലസ്തീനെ പിന്തുണക്കാനുള്ള കുവൈത്തിന്റെ ശ്രമങ്ങൾ ഞങ്ങൾ തുടരുന്നു. മറ്റെല്ലാ അന്താരാഷ്ട്ര വേദികളിലും ഫലസ്തീനെ പിന്തുണക്കാൻ ഞങ്ങൾ മടിക്കില്ല. കുവൈത്ത് എപ്പോഴും നിങ്ങളുടെ കൂടെയായിരിക്കുമെന്നും ഫലസ്തീൻ പ്രതിനിധികളെ മന്ത്രി സമ്മേളനത്തിൽ അറിയിച്ചു.
ഇസ്രായേൽ അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ, മനുഷ്യാവകാശ നിയമങ്ങൾ, പ്രമേയങ്ങൾ എന്നിവ ലംഘിക്കുന്നതായി അൽ യഹ്യ ചൂണ്ടിക്കാട്ടി. ഏഴ് പതിറ്റാണ്ടിലേറെയായി ഇസ്രായേൽ ഇതു തുടരുന്നു. പലരും ഈ ലംഘനങ്ങളെ ന്യായീകരിക്കുകയും അവർക്ക് ആയുധങ്ങൾ നൽകുകയും ചെയ്യുന്നതായും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.