കുവൈത്ത് സിറ്റി: ബശ്ശാറുൽ അസദിന് സ്ഥാനം നഷ്ടപ്പെടുകയും പ്രതിപക്ഷസേന അധികാരം പിടിക്കുകയും ചെയ്തതിന് പിറകെ സിറിയയിൽ അധിനിവേശം നടത്തിയ ഇസ്രായേൽ നടപടിയെ ശക്തമായി അപലപിച്ച് കുവൈത്ത്.
സിറിയയിലെ രാഷ്ട്രീയമാറ്റത്തിന് പിറകെയാണ് ജൂലാൻ കുന്നുകളുടെ ഭാഗമായ ബഫർ സോണിൽ ഇസ്രായേൽ കടന്നുകയറിയത്.
അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ സുരക്ഷ കൗൺസിൽ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണ് ഇസ്രായേൽ നടപടിയെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സിറിയയുടെ പരമാധികാരം, സ്വാതന്ത്ര്യം, പ്രാദേശിക സമഗ്രത എന്നിവ മാനിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. മേഖലയിലെ രാജ്യങ്ങൾക്കെതിരായ ഇസ്രായേൽ സേനയുടെ ആക്രമണ പരമ്പര അവസാനിപ്പിക്കുന്നതിനും പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സമാധാനവും സംരക്ഷിക്കുന്നതിനും അന്താരാഷ്ട്രസമൂഹം ഇടപെടണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.