കുവൈത്ത് സിറ്റി: രാജ്യത്ത് താമസ-തൊഴിൽ നിയമലംഘകർക്കെതിരെ കർശന നടപടികൾ തുടരുന്നു. മാസങ്ങളായി ഇത്തരക്കാരെയും മറ്റു നിയമലംഘകരെയും പിടികൂടുന്നതിനായി സമഗ്ര പരിശോധനകൾ നടന്നുവരികയാണ്. ഈ മാസം ഒന്നു മുതൽ അഞ്ചു വരെയുള്ള കാലയളവില്‍ വിവിധ ഭാഗങ്ങളില്‍ ഇരുപതോളം ഗതാഗത-സുരക്ഷ പരിശോധനകള്‍ നടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദേശത്തെ തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത്.
പരിശോധനയില്‍ 317 നിയമലംഘകരെ പിടികൂടി. ഈ കാലയളവില്‍ 610 പേരെ നാടുകടത്തിയതായും മന്ത്രാലയം വ്യക്തമാക്കി. വിവിധ കേസുകളിൽ പ്രതി ചേർക്കപ്പെട്ടവർ, ഒളിവിൽ കഴിയുന്നവർ എന്നിവരും പിടികൂടിയവരില്‍ ഉള്‍പ്പെടും. അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്കെതിരെ കർശന നടപടി എടുക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. പരിശോധനയില്‍ പിടിയിലാകുന്ന അനധികൃത താമസക്കാരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി രാജ്യത്ത് നിന്ന് നാടുകടത്തും. മറ്റു നിയമ ലംഘകർ നിയമനടപടികൾ നേരിടേണ്ടിവരും. നാടുകടത്തുന്നവർക്ക് പിന്നീട് കുവൈത്തിൽ പ്രവേശിക്കാനാകില്ല. നിയമലംഘകർക്ക് അഭയം നൽകുന്നവർക്കെതിരെയും നടപടികൾ സ്വീകരിക്കും.
അനധികൃത താമസക്കാരെ ഒഴിപ്പിക്കൽ, പൊതുസുരക്ഷ വർധിപ്പിക്കൽ, നിയമപാലനം ഉറപ്പാക്കൽ എന്നിവ ലക്ഷ്യമിട്ടാണ് സുരക്ഷാപരിശോധനകൾ വ്യാപിപ്പിച്ചത്. പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹും ഉന്നത ഉദ്യോഗസഥരും പലയിടത്തും നേരിട്ട് പരിശോധനക്കെത്തിയിരുന്നു. പൊതുസുരക്ഷ, ട്രാഫിക്, ഓപറേഷൻസ്, സ്വകാര്യ സുരക്ഷ, വനിത പൊലീസ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരിശോനകൾ. റോഡുകളിൽ ചെക്പോസ്റ്റുകൾ സ്ഥാപിച്ച് പഴുതടച്ചാണ് പൊലീസ് പരിശോധന.
രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.