കുവൈത്ത് സിറ്റി: കുവൈത്തിൽ തിങ്കളാഴ്ച 1332 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ചത്തെ റെക്കോഡ് വ്യാപനത്തിന് ശേഷം പ്രതിദിന കേസുകൾ കുറഞ്ഞുവരുന്നത് ആശ്വാസമാണ്. ഇതുവരെ 2,10,855 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചത്. തിങ്കളാഴ്ച 1335 പേർ ഉൾപ്പെടെ 1,95,507 പേർ ഇതുവരെ രോഗമുക്തി നേടി. ബാക്കി 14,169 പേരാണ് ചികിത്സയിലുള്ളത്. പുതിയ കേസുകളേക്കാൾ നേരിയ തോതിൽ അധികം രോഗമുക്തിയുണ്ടായതിനാൽ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞു. 219 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ 10 പേർ വർധിച്ചു.
7365 പേർക്ക് കൂടി കോവിഡ് പരിശോധന നടത്തി. ഇതുവരെ രാജ്യത്ത് 19,14,579 പേർക്ക് പരിശോധന നടത്തി. ഏഴ് മരണംകൂടി റിപ്പോർട്ട് ചെയ്തു. ആകെ 1179 പേരാണ് ഇതുവരെ മരിച്ചത്. ഒരു ദിവസം 10 പേർ തീവ്രപരിചരണ വിഭാഗത്തിൽ വർധിച്ചത് ആശങ്കക്ക് വക നൽകുന്നു.
മരണനിരക്കും കുറയേണ്ടതുണ്ട്. രാജ്യത്തെ ആശുപത്രികളിലെ തീവ്രപരിചരണ വാർഡുകൾ നിറഞ്ഞുവരുകയാണ്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും മരണസംഖ്യയിലും സമീപ ആഴ്ചകളിൽ ഗണ്യമായ വർധനയുണ്ട്. കർഫ്യൂ ഏർപ്പെടുത്തിയത് വരുന്ന ആഴ്ചകളിൽ കോവിഡ് വ്യാപനത്തിൽ കുറവുണ്ടാക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തിൽ അവധിദിവസങ്ങളിൽ കോവിഡ് വാക്സിനേഷൻ തുറന്നുപ്രവർത്തിക്കാതിരുന്നതിനെതിരിൽ വിമർശനവുമായി ആരോഗ്യ വിദഗ്ധർ. മിഷ്രിഫ് ഇൻറർനാഷനൽ ഫെയർ ഗ്രൗണ്ടിലെയും മറ്റു മേഖലകളിലെയും വാക്സിനേഷൻ കേന്ദ്രങ്ങൾ കഴിഞ്ഞ ദിവസത്തെ അവധി ദിവസങ്ങളിൽ പ്രവർത്തിച്ചില്ല. കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യങ്ങളിൽ രാജ്യത്തെ വാക്സിനേഷൻ തോത് ദിനംപ്രതി വർധിപ്പിക്കുന്നതിന് പകരം വാക്സിനേഷൻ സെൻററുകൾ അടച്ചിട്ടത് നിരുത്തരവാദപരമായി എന്നാണ് വിമർശകർ പറയുന്നത്.
രാജ്യത്ത് രണ്ടാഴ്ചയായി കോവിഡ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ട്. നേരത്തെ വാക്സിൻ ലഭ്യതക്കുറവ് മൂലം കുത്തിവെപ്പ് മന്ദഗതിയിലായിരുന്നു. ഇപ്പോൾ ആവശ്യത്തിന് വാക്സിൻ ലഭ്യമാണ്. എല്ലാ ആഴ്ചയും ഫൈസർ, ബയോൺടെക് കമ്പനി ഷിപ്മെൻറ് നടത്തുന്നുണ്ട്.
കുവൈത്ത് സിറ്റി: കുവൈത്തിൽ കർഫ്യൂ ലംഘിച്ചതിന് 18 പേർകൂടി അറസ്റ്റിലായി. 11 കുവൈത്തികളും ഏഴു വിദേശികളുമാണ് പിടിയിലായത്. കാപിറ്റൽ ഗവർണറേറ്റിൽ ഒരാൾ, ഹവല്ലി ഗവർണറേറ്റിൽ ഏഴുപേർ, ഫർവാനിയ ഗവർണറേറ്റിൽ രണ്ടുപേർ, അഹ്മദി ഗവർണറേറ്റിൽ നാലുപേർ, മുബാറക് അൽ കബീർ ഗവർണറേറ്റിൽ നാലുപേർ എന്നിങ്ങനെയാണ് പിടിയിലായത്.
ജഹ്റ ഗവർണറേറ്റിൽ ആരും അറസ്റ്റിലായില്ല. കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.വൈകീട്ട് അഞ്ചുമുതൽ പുലർച്ച അഞ്ചുവരെയാണ് രാജ്യത്ത് കർഫ്യൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.