കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ

അസ്സബാഹ്

കുവൈത്ത് വീണ്ടും തെരഞ്ഞെടുപ്പിലേക്ക്

കുവൈത്ത് സിറ്റി: ഭരണഘടനയുടെ ആർട്ടിക്കിൾ 107 അനുസരിച്ച് 2020ലെ ദേശീയ അസംബ്ലി പിരിച്ചുവിട്ടതായി കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പ്രഖ്യാപിച്ചു. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ പ്രതിനിധാനം ചെയ്ത് കിരീടാവകാശി നടത്തിയ റമദാൻ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഭരണഘടനയുടെ ആർട്ടിക്കിൾ 107 അനുസരിച്ചാണ് 2020ലെ ദേശീയ അസംബ്ലി പിരിച്ചുവിടാനുള്ള തീരുമാനം. അടുത്ത മാസം പൊതുതെരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെടുമെന്നും പ്രസംഗത്തിൽ കിരീടാവകാശി അറിയിച്ചു.

എക്സിക്യൂട്ടിവ്, ലെജിസ്ലേറ്റിവ് അധികാരികളുടെ അധികാര ദുരുപയോഗം ഒഴിവാക്കാനും നിഷ്പക്ഷതയും സുതാര്യതയും ഉറപ്പാക്കാനും ഇതുവഴി ലക്ഷ്യമിടുന്നു. രാജ്യത്തെ നിയമപരവും രാഷ്ട്രീയവുമായ ചില പരിഷ്കാരങ്ങൾക്കൊപ്പം ഒരു പുതിയ തെരഞ്ഞെടുപ്പ് ആവശ്യമാണ്. ജനങ്ങളുടെ താൽപര്യം കണക്കിലെടുത്താണ് തീരുമാനമെന്നും കിരീടാവകാശി വ്യക്തമാക്കി. ഇതോടെ 2022ലെ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കി 2020ലെ ദേശീയ അസംബ്ലി പുനഃസ്ഥാപിച്ച ഭരണഘടന കോടതിവിധി റദ്ദാകും. ഈ വർഷം മാർച്ച് 19നാണ് 2022ലെ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കി ഭരണഘടന കോടതി വിധിയുണ്ടായത്.

2020ലെ ദേശീയ അസംബ്ലി പിരിച്ചുവിടാനുള്ള ഉത്തരവിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു വിധി. 2020ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച ദേശീയ അസംബ്ലി അംഗങ്ങളെയും കോടതി പുനഃസ്ഥാപിച്ചിരുന്നു. 2020ലെ മർസൂഖ് അൽ ഗാനിമിനെ ദേശീയ അസംബ്ലിയുടെ നിയമാനുസൃത സ്പീക്കറായി തിരിച്ചെടുക്കാനും ഭരണഘടന കോടതി ഉത്തരവിടുകയുണ്ടായി.

ഭരണഘടന കോടതി വിധി വന്നതോടെ നിലവിലുള്ള എം.പിമാർ ദേശീയ അസംബ്ലിയിൽനിന്ന് പുറത്താകുകയും പിരിച്ചുവിട്ട സഭയിലെ അംഗങ്ങൾ വീണ്ടും ജനപ്രതിനിധികളെന്ന നിലയിൽ സഭയിൽ എത്തുകയും ചെയ്തിരുന്നു. ഈ അസംബ്ലിയും പിരിച്ചുവിടാൻ തീരുമാനമായതോടെ രാജ്യം വൈകാതെ മറ്റൊരു തെരഞ്ഞെടുപ്പിനുകൂടി സാക്ഷിയാകും.

Tags:    
News Summary - Kuwait goes to the polls again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.