നൊമ്പരത്തിന്റെയും കണ്ണുനീരിന്റെയും കടന്നുപോയ ദിവസങ്ങൾക്കൊപ്പം കുവൈത്തിലെ വൻ തീപിടിത്ത ദുരന്തം പ്രവാസികളെ ഓർമിപ്പിക്കുന്ന ചിലതുണ്ട്. പ്രിയപ്പെട്ടവരെ വിട്ട് പ്രവാസഭൂമികയിൽ കഴിയുന്ന ഓരോരുത്തരും പുലർത്തേണ്ട ജാഗ്രതയാണത്. വൈദ്യുതിയും ഗ്യാസും അശ്രദ്ധമായി കൈകാര്യം ചെയ്താൽ അത് വൻ ദുരന്തങ്ങൾക്ക് കാരണമാകും എന്ന തിരിച്ചറിവ് എല്ലാ പ്രവാസികൾക്കും ഉണ്ടാകണം. കേരളത്തിലേതിനേക്കാൾ പതിന്മടങ്ങ് ശേഷിയുള്ള വൈദ്യുതിയാണ് ഇവിടെ വിതരണം ചെയ്യുന്നത്. ഇതിനെ ഒരു സുരക്ഷയുമില്ലാതെ ലാഘവത്തോടെയാണ് പലരും കാണാറുള്ളത്. എന്നാൽ, ചെറിയ ഒരു അശ്രദ്ധ വലിയ ദുരന്തങ്ങൾക്ക് കാരണമാകാം.
ഇടുങ്ങിയ മുറികളിൽ മൂന്നും നാലും ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കുന്ന പതിവും ചിലർക്കുണ്ട്. കനത്ത വെയിലും ഉയർന്ന താപനിലയും പതിവായ കുവൈത്തിൽ വേനലിലും അല്ലാത്തപ്പോഴും ഇത് സൃഷ്ടിക്കാവുന്ന അപകടത്തെ കുറിച്ചും ബോധം ഉണ്ടാകണം. വാടകയിൽ ഇളവ് നേടാനുള്ള ഉപായമായി പാർട്ടീഷൻ മുറികളിൽ കഴിയുന്ന അനേകം പേരുണ്ട്. ഇതിന് ഉപയോഗിക്കുന്ന വസ്തുക്കളും എളുപ്പത്തിൽ തീപിടിക്കുന്നവയാണ്. മാത്രമല്ല ഇത്തരം മുറികളിൽ നിന്ന് അപകടമുണ്ടായാൽ എളുപ്പത്തിൽ രക്ഷപ്പെടാനുമാകില്ല. ലാഭം ഉണ്ടാക്കുന്നതിനായി ഇത്തരം മുറികൾ വാടകക്ക് നൽകി പണം കൊയ്യുന്ന മലയാളികളും ഉണ്ട്.
അനാവശ്യ വസ്തുക്കൾ മുറിയിൽ സൂക്ഷിക്കുന്നതും അപകടം വിളിച്ചു വരുത്തും. മരാമത് പണികൾ കഴിഞ്ഞ വസ്തുക്കൾ, ബാക്കിവരുന്ന പെയിന്റ്, പെട്രോ കെമിക്കൽ വിഭാഗത്തിൽ പെടുന്ന ടർപറ്റൻ മുതലായവ മുറികളിൽ സൂക്ഷിക്കരുത്. ചെറിയ ആഘാതങ്ങൾ പതിന്മടങ്ങായിത്തീരാൻ ഇവ ഇടയാക്കും. ഏറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി പ്രവാസ ലോകത്തെത്തുന്ന എല്ലാവരുടെയും ജീവിതം ദുരന്തങ്ങൾക്കും വലിയ വാർത്തകൾക്കും ഇടയാകാതെ മനോഹരമായി പര്യവസാനിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.