കുവൈത്ത് സിറ്റി: ദിയാധനത്തിന്റെ മൂല്യം 20,000 ദീനാറായി ഉയർത്തൽ, കുറഞ്ഞ വിവാഹ പ്രായം 18 ആയി നിജപ്പെടുത്തൽ, ‘ദുരഭിമാനക്കൊല’ക്ക് സാധാരണ കൊലപാതകത്തിന് നൽകുന്ന അതേ ശിക്ഷ നൽകൽ എന്നീ മൂന്ന് സുപ്രധാന നിയമഭേദഗതികളുമായി കുവൈത്ത്. രാജ്യത്ത് വർഷങ്ങളായി തുടരുന്ന നിയമങ്ങൾക്ക് കാലോചിതമായ മാറ്റങ്ങൾ വരുത്തിയാണ് പുതിയ നിയമങ്ങൾ.
ദിയാധനത്തിന്റെ (മോചനദ്രവ്യം) മൂല്യം 20,000 ദീനാറായി ഉയർത്തിയതാണ് പ്രധാന മാറ്റം. മുൻ തുകയായ 10,000 ദീനാറിൽ നിന്നാണ് ഇരട്ടി ആയി ഇത് വർധിപ്പിച്ചത്. നാല് പതിറ്റാണ്ടിലേറെയായി ഇതിൽ മാറ്റമില്ലായിരുന്നു. വർഷങ്ങളായി ഉണ്ടായ രാജ്യത്തെ സാമ്പത്തിക മാറ്റങ്ങളുടെ ഫലമായാണ് വർധന. നേരത്തെയുള്ള തുക സാമ്പത്തിക യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും ഇരകൾക്ക് ന്യായമായ നഷ്ടപരിഹാരം, അക്രമം തടയൽ എന്നിവക്ക് പര്യാപ്തമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
കുറഞ്ഞ വിവാഹ പ്രായം 16 ൽ നിന്ന് 18 ആയി ഉയർത്തിയതാണ് മറ്റൊരു പ്രധാന നിയമ പരിഷ്കരണം. ബാലവിവാഹങ്ങൾ തടയുന്നതിനും പെൺകുട്ടികൾക്ക് വ്യക്തിഗത വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവസരം നൽകുന്നതിനുമായാണ് ഈ മാറ്റം. പുതിയ നിയപ്രകാരം 18 വയസിന് താഴെയുള്ളവർക്ക് വിവാഹ കരാറുകളിൽ ഒപ്പുവെക്കാൻ കഴിയില്ല.
‘ദുരഭിമാനക്കൊല’ക്ക് സാധാരണ കൊലപാതകത്തിന് നൽകുന്ന അതെ ശിക്ഷ ഏർപ്പെടുത്തിയതാണ് മറ്റൊരു സുപ്രധാന നിയമ ഭേദഗതി. മാതാവ്, സഹോദരി, മകൾ എന്നിവരിൽ ആരെങ്കിലും വ്യഭിചാരം നടത്തിയതായി കണ്ടെത്തിയാൽ അതിന്റെ പേരിൽ അവരെ കൊലപ്പെടുത്തുന്ന പ്രതിക്ക് കൊലപാതക കേസിൽ നൽകുന്ന ശിക്ഷയിൽ ഇളവ് നൽകുന്നത് ഇതോടെ റദ്ദായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.