കുവൈത്ത് സിറ്റി: അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്ത കുവൈത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി ശറഫുദ്ദീൻ കണ്ണേത്തിന് പകരക്കാരനെ മുസ്ലിം ലീഗ് നേതൃത്വം തീരുമാനിക്കും. സെക്രട്ടേറിയറ്റിൽ അംഗങ്ങളായ നടപടി നേരിട്ട ശറഫുദ്ദീൻ കണ്ണേത്ത്, വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, സെക്രട്ടറി ഷാഫി കൊല്ലം എന്നിവർക്കും പകരക്കാരെ നിശ്ചയിക്കും. ഇതിൽ കൂടിയാലോചനകൾ നടന്നുവരുകയാണ്. സെക്രട്ടേറിയറ്റിന് പുറത്തുള്ളയാളെ ജനറൽ സെക്രട്ടറി സ്ഥാനത്ത് പരിഗണിക്കാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്. കൈയാങ്കളിയിൽ സമാപിച്ച വെള്ളിയാഴ്ചയിലെ യോഗത്തിൽ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ജില്ല-മണ്ഡലം കമ്മിറ്റി നേതാക്കളായ ഫുവാദ് സുലൈമാൻ, നിഷാൻ അബ്ദുല്ല, റസാഖ് മന്നൻ, ഫൈസൽ കടമേരി, ശുഹൈബ് ചെമ്പിലോട്, അബ്ദുൽ കാദർ കൈതക്കാട്, അയ്യൂബ് പുതുപ്പറമ്പ് എന്നിവരെയും പ്രാഥമിക അംഗത്വത്തിൽനിന്ന് നീക്കിയിട്ടുണ്ട്. അന്വേഷണ വിധേയമായാണ് സസ്പെൻഷനെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസ് വ്യക്തമാക്കുന്നു. ജനറൽ സെക്രട്ടറി, പ്രസിഡന്റ് വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നത രൂക്ഷമായ കുവൈത്ത് കെ.എം.സി.സിയിൽ വെള്ളിയാഴ്ച നടന്ന കോഴിക്കോട് ജില്ല കൗൺസിൽ യോഗം കൈയാങ്കളിയിൽ അവസാനിച്ചിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, സെക്രട്ടറിമാരായ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, അബ്ദുറഹിമാൻ രണ്ടത്താണി എന്നിവർ അടക്കം പങ്കെടുത്ത യോഗമാണ് കൈയാങ്കളിയിൽ സമാപിച്ചത്.
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി നേതാക്കൾക്കെതിരായ അച്ചടക്ക നടപടി പാർട്ടിയെ എതു രീതിയിൽ ബാധിക്കും എന്ന ചർച്ച സജീവം. വർഷങ്ങളായി തുടരുന്ന ഗ്രൂപ് പോരിനും വിഭാഗീയതക്കും അറുതിയാകുമോ അതോ പാർട്ടി മറ്റൊരു പ്രതിസന്ധിയിലേക്ക് നീങ്ങുമോ എന്നതും അംഗങ്ങൾ ഉറ്റുനോക്കുന്നു. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജില്ല-മണ്ഡലം കമ്മിറ്റി നേതാക്കൾ എന്നിവർ എങ്ങനെയാണ് നടപടിയെ നേരിടുക എന്നതും വ്യക്തമല്ല. പാർട്ടിയുടെ മുഖമായിരുന്ന നേതാക്കളും അനുയായികളുമാണ് പുറത്തായവർ.
കുവൈത്ത് കെ.എം.സി.സിയിൽ വർഷങ്ങളായുള്ള വിഭാഗീയതയാണ് നിലവിൽ രൂക്ഷമായിരിക്കുന്നത്. സമവായത്തിന്റെ ഭാഗമായി ഇരു കൂട്ടരെയും ഉൾപ്പെടുത്തി മാസങ്ങൾക്ക് മുമ്പാണ് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി കുവൈത്ത് കമ്മിറ്റിയെ പ്രഖ്യാപിച്ചത്. കുവൈത്തിന്റെ സംഘടന ചുമതലയുള്ള അബ്ദുറഹ്മാൻ രണ്ടത്താണി പലതവണ കുവൈത്തിലെത്തുകയുമുണ്ടായി.
തുടർന്ന് തെരഞ്ഞെടുപ്പിലൂടെയും സമവായത്തിലൂടെയും മണ്ഡലം-ജില്ല കമ്മിറ്റികൾ വന്നിരുന്നുവെങ്കിലും നാല് ജില്ലകളിൽ പ്രശ്നം തുടർന്നു. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ല കമ്മിറ്റികളുടെ രൂപവത്കരണം പാർട്ടിക്ക് തലവേദന സൃഷ്ടിച്ചു. കണ്ണൂർ ജില്ലയിൽ ജനറൽ സെക്രട്ടറി വിഭാഗം രൂപവത്കരിച്ച കമ്മിറ്റിയെ മറുവിഭാഗം അംഗീകരിച്ചില്ല. ഇവിടെ പുതിയ കമ്മിറ്റി രൂപവത്കരിക്കാനുള്ള നീക്കവും പൊട്ടിത്തെറിക്ക് കാരണമായി. നേരത്തെ ഇഫ്താര്‍ സംഗമത്തിലെ വാക്കുതര്‍ക്കവും കൈയാങ്കളിയില്‍ കലാശിച്ചിരുന്നു. പിറകെ ഒരുവിഭാഗം ഓഫിസിൽ കടന്നുകയറി ജനറൽ സെക്രട്ടറിയുടെ ഫോട്ടോ മാറ്റുകയും ചെയ്തു. തുടർന്ന് ഇരുവിഭാഗവും ഉയർത്തിയ പരാതികളുടെ അടിസ്ഥാനത്തിൽ ഒത്തുതീർപ്പ് ശ്രമങ്ങൾക്കായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, സെക്രട്ടറിമാരായ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, അബ്ദുറഹിമാൻ രണ്ടത്താണി എന്നിവർ വെള്ളിയാഴ്ച കുവൈത്തിലെത്തി. എന്നാൽ, കോഴിക്കോട് ജില്ല കൗൺസിൽ യോഗത്തിലെ കൈയാങ്കളി കനത്ത നടപടികൾ സ്വീകരിക്കാൻ നേതൃത്വത്തെ നിർബന്ധിതമാക്കി.
2002ൽ ഇ. അഹമ്മദിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് വലിയ പിളർപ്പിനെ നേരിട്ട സംഘടനയാണ് കുവൈത്ത് കെ.എം.സി.സി. തുടർന്നും നിലനിന്ന കനത്ത ഭിന്നത തീർക്കാൻ 2019ലും മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ടിരുന്നു. പ്രധാന ഭാരവാഹി ഒരു ജില്ല പ്രസിഡന്റിനെ പരസ്യമായി അടിച്ച സംഭവം അന്നു പാർട്ടിക്ക് നാണക്കേട് സൃഷ്ടിച്ചിരുന്നു. നിലവിലെ പ്രശ്നത്തിൽ കൃത്യമായ ഇടപെടലും അണികളിൽ ഐക്യവും രൂപപ്പെട്ടില്ലെങ്കിൽ മറ്റൊരു പ്രതിസന്ധിയിലേക്കാകും കുവൈത്ത് കെ.എം.സി.സി നീങ്ങുക. അതിനിടെ പുറത്താക്കപ്പെട്ടവരെ അനുകൂലിക്കുന്ന വിഭാഗം തിങ്കളാഴ്ച യോഗം ചേർന്നു. പാർട്ടി തീരുമാനം അനുസരിച്ച് മുന്നോട്ടുപോകാനും വൈകാതെ സംഘടനയിൽ തിരിച്ചെത്താനുമാണ് ഇവരുടെ പൊതുവായ വികാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.