കുവൈത്ത് സിറ്റി: വിസക്കച്ചവടവുമായി ബന്ധപ്പെട്ട് 2207 കമ്പനികൾക്കെതിരെ നടപടിയെടുത്തതായി തൊഴിൽ, സാമൂഹികക്ഷേമ മന്ത്രി മർയം അൽ അഖീൽ പറഞ്ഞു. കുവൈത്ത് ടെലിവിഷനുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. 417 കമ്പനികൾക്കെതിരെ പ്രോസിക്യൂഷൻ നടപടി ശിപാർശ ചെയ്തു. 282 കമ്പനികൾക്കെതിരെ നിയമനടപടി പുരോഗമിക്കുന്നു. 49 കുവൈത്തികൾ ഉൾപ്പെടെ 526 വ്യക്തികൾക്കെതിരെയാണ് വിസക്കച്ചവടവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നത്. വിസക്കച്ചവടക്കാർക്കെതിരെ കുവൈത്ത് ശക്തമായ നടപടികൾ സ്വീകരിച്ചുവരുകയാണ്.
നിയമം ലംഘിച്ച് താമസിക്കുന്ന വിദേശികളെ നാടുകടത്താനുള്ള ചെലവ് വിസക്കച്ചവടക്കാരിൽനിന്ന് ഇൗടാക്കുമെന്നാണ് തീരുമാനം. പണം വാങ്ങി വിസ നൽകി വിദേശ തൊഴിലാളികളെ ചതിയിൽ പെടുത്തുന്ന വിസക്കച്ചവടക്കാരെ വെറുതെ വിടില്ല. പിടിയിലാവുന്ന തൊഴിലാളികളെ താമസിപ്പിക്കാനും നാടുകടത്താനുമുള്ള ചെലവ് വിസക്കച്ചവടം നടത്തുന്ന വ്യക്തികളിൽനിന്നും സംഘങ്ങളിൽനിന്നും ഇൗടാക്കും. തൊഴിലാളികളെ വഞ്ചിക്കുന്ന കമ്പനി അധികൃതർക്കെതിരെ ക്രിമിനൽ നിയമപ്രകാരം കേസെടുക്കും. കുറ്റക്കാരെന്നു കണ്ടാൽ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് മറിയം അഖീൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.