കുവൈത്ത് സിറ്റി: കുവൈത്തിലെ ഏറ്റവും പഴക്കമേറിയതും ജനകീയവുമായ വിപണിയായ സൂഖ് അൽ ജുമുഅ (ഫ്രൈഡേ മാർക്കറ്റ്) സന്ദർശകർക്കായി തുറന്നുകൊടുത്തു. ജൂലൈ പത്തുമുതൽ തുറക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും കഴിഞ്ഞ ദിവസം മുതൽ ചെറിയതോതിൽ പ്രവർത്തിക്കുന്നതായാണ് വിവരം.
കോവിഡ് പ്രതിരോധത്തിനായി അടച്ചിട്ട ഫ്രൈഡേ മാർക്കറ്റ് തുറക്കുന്നത് കുവൈത്ത് വിപണി തുറന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിലെ പ്രധാന ചുവടുവെപ്പുകളിലൊന്നാണ്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കർശന നിയന്ത്രണത്തോടെ മാത്രമാവും ആദ്യഘട്ടത്തിൽ പ്രവേശനം. ഫ്രൈഡേ മാർക്കറ്റിൽ ശുചീകരണവും അണുനശീകരണവും പൂർത്തിയാക്കിയിട്ടുണ്ട്.
നാട്ടുചന്തകളെ ഓര്‍മിപ്പിക്കുന്നതാണ് ശുവൈഖ് വ്യവസായ മേഖലക്ക് സമീപം അൽ റായിയിൽ സ്ഥിതി ചെയ്യുന്ന ഇൗ തുറന്ന വിപണി. ആവശ്യത്തിനും ബജറ്റിനും അനുസരിച്ച് എല്ലാ തരം വസ്തുക്കളും ഇവിടെ ലഭ്യമാണ്. മൊട്ടുസൂചി മുതല്‍ വ്യായാമ ഉപകരണങ്ങൾ വരെ എന്തും വിലക്കുറവിൽ ഇവിടെ ലഭിക്കും. ക്യാമ്പുകളിൽനിന്നും കുവൈത്തി വീടുകളിൽനിന്നും ഒഴിവാക്കുന്ന പഴയ സാധനങ്ങൾ തേടിയാണ് പലരും ഇവിടെ എത്തുന്നത്. ഫ്രൈഡേ മാർക്കറ്റ് എന്നാണ് പേരെങ്കിലും എല്ലാ ദിവസവും പ്രവർത്തിക്കുന്നു. അതേസമയം, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് കച്ചവടം സജീവമായി നടക്കുന്നത്. ഏകദേശം ഒരു കിലോ മീറ്ററോളം വിസ്തീര്‍ണത്തില്‍ പരന്നുകിടക്കുന്നതാണ് മാർക്കറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.