കുവൈത്ത്സിറ്റി: കുവൈത്തിലെ ആതുരശുശ്രൂഷാരംഗത്തെ സ്വകാര്യമേഖലയിലെ പ്രമുഖ ശൃംഖലയായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഖൈത്താനിലെ പുതിയ ശാഖ മെട്രോ ഖൈത്താൻ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു. ജനകീയ ആതുരാലയം എന്ന് അറിയപ്പെടുന്ന മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ അഞ്ചാമത്തെ ബ്രാഞ്ചാണിത്. ഉദ്ഘാടനത്തോടനുബന്ധിച്ച് 2023 ഡിസംബർ എട്ടുവരെയുള്ള മൂന്നുമാസം നീണ്ടുനിൽക്കുന്ന നിരവധി ഓഫറുകൾ മെട്രോ മാനേജ്മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
സ്പെഷാലിറ്റി ഡോക്ടർമാർ ഉൾപ്പെടെ എല്ലാ ഡോക്ടർമാരുടെയും കൺസൾട്ടേഷൻ ഫീസ് ഒരു ദിനാർ മാത്രമായിരിക്കുമെന്നും 16ഓളം ടെസ്റ്റുകൾ ഉൾപ്പെട്ട ഫുൾ ബോഡി ചെക്കപ്പിന് 12 ദിനാർ ആയിരിക്കുമെന്നും ലാബ് ഉൾപ്പെടെയുള്ള മറ്റു സർവിസുകൾക്ക് 50 ശതമാനം വരെ ഡിസ്കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ടെന്നും മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ അറിയിച്ചു.
രാവിലെ ഏഴുമുതൽ രാത്രി 11 വരെ പ്രവർത്തിക്കുന്ന ഖൈത്താൻ മെട്രോയിൽ ഇന്റേണൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്, ഡെർമറ്റോളജി, ഡെന്റൽ, ജനറൽ മെഡിസിൻ തുടങ്ങി എല്ലാ വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ടെന്നും ലാബ്, എക്സ്റേ, അൾട്രാസൗണ്ട്, ഫാർമസി എന്നീ സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും മാനേജ്മെന്റ് അറിയിച്ചു.
ഇന്ത്യൻ സ്ഥാനപതിക്ക് പുറമെ കുവൈത്തിലെ ബംഗ്ലാദേശ് സ്ഥാനപതി മേജർ ജനറൽ മുഹമ്മദ് ആഷിക്കുസ്സമാൻ, ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. വിനോദ് ഗെയ്ക്വാദ്, നേപ്പാൾ എംബസി കോൺസുലർ സുജനി റാണ, ശ്രീലങ്കൻ എംബസി ചീഫ് അബ്ദുൽ ഹലീം, ഫിലിപ്പീൻസ് എംബസി വൈസ് കോൺസുലർമാർ, മറ്റു രാജ്യങ്ങളുടെ ഡിപ്ലോമാറ്റുകൾ, കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ, ഐ.ബി.പി.സിയിലെ പ്രമുഖർ, ബിസിനസ് സാമൂഹിക സാംസ്കാരിക മേഖലകളിലെ മറ്റു പ്രമുഖർ എന്നിവരുൾപ്പെടെ 55ലധികം വ്യക്തികൾ ഒരുമിച്ചു റിബൺ മുറിച്ച് ഉദ്ഘാടനം ചെയ്തത് ചടങ്ങിന് മാറ്റുകൂട്ടി.
മെട്രോ മെഡിക്കൽ ഗ്രൂപ് മാനേജിങ് പാർട്ണർ ഡോ. ബിജി ബഷീർ, ഡയറക്ടർമാരായ ഡോ. അത്ബി അൽ ഷമ്മരി, ജാവേദ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.