കുവൈത്ത് സിറ്റി: തൃശൂർ പൂരത്തിന്റെ ആവേശം കുവൈത്തിലെത്തിച്ച് തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക് ) ‘പൂരം 2K24’. അബ്ബാസിയ അൽ ഹുദാ അൽ അഹ്ലിയ സ്കൂളിൽ സംഘടിപ്പിച്ച പരിപാടി നാട്ടിലെ പൂരത്തിന്റെ എല്ലാ ആവേശവും ഉൾക്കൊള്ളുന്നതായി. പൂരം എക്സിബിഷൻ സ്റ്റാളുകളെ ഓർമപ്പെടുത്തുന്ന രീതിയിലുള്ള സ്റ്റാളുകൾ, അസോസിയേഷൻ അംഗങ്ങൾ ഒരുക്കിയ നാടിനെ ഓർമപ്പെടുത്തുന്ന രീതിയിൽ ഉള്ള തട്ടുകടകൾ, വിവിധതരം പായസങ്ങൾ, അച്ചാറുകൾ, ശീതളപാനീയങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, കുട്ടികൾക്കുള്ള കളിക്കോപ്പുകൾ, വസ്ത്രങ്ങൾ, ഫാൻസി ആഭരണങ്ങൾ എന്നിവയും ജില്ല അസോസിയേഷനുകളുടെ സ്റ്റാളുകളും മാറ്റു കൂട്ടി.
കേളി വാദ്യകലാപീഠത്തിന്റെ 15 ഓളം കലാകാരന്മാർ ചേർന്ന് അവതരിപ്പിച്ച പഞ്ചവാദ്യ മേളവും നാടൻ കലാരൂപങ്ങളും കാവടിയും ആർപ്പു വിളികളോടു കൂടിയ ഘോഷയാത്രയും മുത്തുക്കുടയും നെറ്റിപ്പട്ടവും ചാർത്തിയ ‘ഗജവീരനും’ ശ്രദ്ധേയമായി. അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികളും ഗാനമേളയും ശ്രദ്ധേയമായി. പ്രസിഡന്റ് ബിജു കടവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മുകേഷ് ഗോപാലൻ, വനിതാവേദി ജനറൽ കൺവീനർ ജെസ്നി ഷെമീർ, അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധി മാത്യു ജോസഫ്, ജോയ് ആലുക്കാസ് പ്രതിനിധി സൈമൺ പള്ളിക്കുന്നത്ത്, കളിക്കളം ജനറൽ കൺവീനർ അനഘ രാജൻ എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കൺവീനറും ട്രാസ്ക് വൈസ് പ്രസിഡന്റുമായ ജഗദാംബരൻ സ്വാഗതവും ട്രഷറർ തൃതീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. സിജു, ബിജു സി.ഡി, ജിൽ ചിന്നൻ, സതീഷ് പൂയത്ത്, ഷാന സിജു, സക്കീന അഷ്റഫ്, വിനോദ് മേനോൻ, മനോജ് കുറുമ്പയിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.