കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ വോളിബാൾ ചാമ്പ്യൻഷിപ്പിലും ലോക വോളിബാൾ ചാമ്പ്യൻഷിപ്പിനും പാരിസ് ഒളിമ്പിക്സിനും യോഗ്യത നേടിയ കുവൈത്ത് അത്ലറ്റുകളുടെ നേട്ടങ്ങളിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ്. കുവൈത്ത് കായികതാരങ്ങളെ ആദരിക്കുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സ് സംഘടിപ്പിച്ച ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഈ നേട്ടം കായിക താരങ്ങളുടെ ഉയർന്ന ആത്മവിശ്വാസവും ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ഉറച്ച ഇച്ഛാശക്തിയും പ്രതിഫലിപ്പിക്കുന്നതായും കൂട്ടിച്ചേർത്തു. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ദേശീയ നവോത്ഥാന സംരക്ഷണത്തെയും കുവൈത്ത് കായികരംഗത്തിനുള്ള അദ്ദേഹത്തിന്റെ പിന്തുണയെയും ചടങ്ങിൽ പ്രധാനമന്ത്രി അഭിനന്ദിച്ചു.
നിങ്ങൾ പൂർവികർ തുന്നിച്ചേർത്ത നല്ല വിത്തുകളാണെന്ന് അമീർ വിശ്വസിക്കുന്നതായും കളിക്കാരെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിനുവേണ്ടി കായിക നേട്ടങ്ങൾ തുടരണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു. ചടങ്ങിൽ കുവൈത്ത് കായിക ജേതാക്കളെ പ്രധാനമന്ത്രി ആദരിച്ചു. മന്ത്രി മറാഫി, പി.എ.എസ് ഡയറക്ടർ ജനറൽ യൂസഫ് അബ്ദുല്ല അൽ ബിദാൻ, കെ.പി.സി ചെയർമാൻ ശൈഖ് ഫഹദ് നാസർ സബാഹ് അൽ അഹമ്മദ് അസ്സബാഹ് എന്നിവരും പങ്കെടുത്തു. കുവൈത്ത് ദേശീയ വോളിബാൾ ടീം ക്യാപ്റ്റൻ അബ്ദുല്ല അൽ ഖമീസ്, കുവൈത്ത് ഷൂട്ടിങ് ചാമ്പ്യൻ ഇമാൻ അൽ ഷമ്മ എന്നിവർ പരിപാടിയിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.