കുവൈത്ത് സിറ്റി: ഗസ്സക്കും ഫലസ്തീനുമെതിരായ ഇസ്രായേൽ ആക്രമണം ഒരുവർഷം പിന്നിടുമ്പോൾ ഫലസ്തീൻ ജനതക്ക് മാനുഷിക സഹായം നൽകുന്നതിൽ നേതൃപരമായ പങ്ക് വഹിച്ച് കുവൈത്ത്.
ഇസ്രായേൽ ആക്രമണം ആരംഭിച്ചതു മുതൽ ഗസ്സക്ക് മാനുഷിക സഹായവുമായി കുവൈത്ത് മുൻനിരയിലുള്ളതായി ഫലസ്തീൻ നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായ വഫാ കപ്പാസിറ്റി ബിൽഡിങ് ആൻഡ് മൈക്രോഫിനാൻസ് ഡയറക്ടർ മുഹ്സിൻ അത്വന പറഞ്ഞു.
കെ.ആർ.സി.എസിന്റെ നേതൃത്വത്തിൽ ഫലസ്തീന് ഭക്ഷ്യവസ്തുക്കളും ആരോഗ്യ സേവനങ്ങളും ഉൾപ്പെടെയുള്ള പിന്തുണയുമായി കുവൈത്ത് സന്നദ്ധ പ്രവർത്തകർ പ്രവർത്തിക്കുന്നു. കുവൈത്തിലെ റിലീഫ് പ്രോജക്ടുകളിലൊന്നായ ‘ദ ചാരിറ്റി ലോഫ്’ പ്രാദേശിക സന്നദ്ധപ്രവർത്തകരുമായി സഹകരിച്ച് ആയിരക്കണക്കിന് ഭക്ഷണപ്പൊതികളും മെഡിക്കൽ സപ്ലൈകളും വിതരണം ചെയ്തതായും മുഹ്സിൻ അത്വന പറഞ്ഞു.
കെ.ആർ.സി.എസ് വാഹനങ്ങൾ, മരുന്നുകൾ, ആംബുലൻസുകൾ, താമസസൗകര്യങ്ങൾ എന്നിവ ഗസ്സയിലെത്തിച്ചു. കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ദുരിതം ലഘൂകരിക്കാൻ ഇവ സഹായിക്കുന്നു. കെ.ആർ.സി.എസ് നേതൃത്വത്തിൽ കുവൈത്തിൽ നിന്നുള്ള മെഡിക്കൽ സംഘം ഫലസ്തീൻ ആശുപത്രികളിൽ എത്തി സങ്കീർണമായ ശസ്ത്രക്രിയകൾ നടത്തിയതും അദ്ദേഹം ചൂണ്ടികാട്ടി.
ഗസ്സയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിൽ കുവൈത്തിന്റെ പങ്കിനെ കുവൈത്ത് സ്പെഷലൈസ്ഡ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ഷുഹൈബ് അൽ ഹേംസ് അഭിനന്ദിച്ചു. ഫലസ്തീൻ ജനതക്കൊപ്പം നിലകൊണ്ടതിനും ഉറച്ച പിന്തുണയ്ക്കും കുവൈത്ത് അമീറിനും സർക്കാറിനും ജനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.