കുവൈത്ത് സിറ്റി: ലോകത്തിലെ വിവിധ രാജ്യങ്ങളിലെ അഭയാർഥികളെ സഹായിക്കാൻ ധനസമാഹരണത്തിന് ആഹ്വാനം ചെയ്ത് കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി. സുരക്ഷിതമായ ജീവിത സാഹചര്യം, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, സാമൂഹിക പരിചരണം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിൽ പദ്ധതികൾ ആവിഷ്കരിക്കാനാണ് സംഘടന പൊതുജനങ്ങളിൽനിന്നും കമ്പനികളിൽനിന്നും സഹായം അഭ്യർഥിച്ചത്.
ലോകത്തെങ്ങുമുള്ള ദുരിതമനുഭവിക്കുന്നവരെ സഹായിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി ചെയർമാൻ ഡോ. ഹിലാൽ അൽ സായിർ പറഞ്ഞു.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രകൃതിദുരന്തങ്ങളാലും ആഭ്യന്തര പ്രതിസന്ധികളാലും ദാരിദ്യ്രംമൂലവും കഷ്ടതയനുഭവിക്കുന്ന ജനലക്ഷങ്ങൾക്ക് എന്നും കൈത്താങ്ങായിനിന്ന ചരിത്രമാണ് കെ.ആർ.സി.എസിനുള്ളത്. ഇന്ത്യ, തുനീഷ്യ, ഖമറൂസ്, കെനിയ, സുഡാൻ, ഇറാൻ, മോറിത്താനിയ, ഫലസ്തീൻ, യമൻ, ശ്രീലങ്ക, താൻസനിയ, മലാവി, മൊസാംബിക്, നൈജർ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, പാകിസ്താൻ, അഫ്ഗാനിസ്താൻ, സെൻട്രൽ ആഫ്രിക്ക, സോമാലിയ, ഹെയ്തി, കിർഗിസ്താൻ, തജികിസ്താൻ, ബോസ്നിയ, ഹെർസഗോവിന തുടങ്ങി കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റിയുടെ സഹായഹസ്തം നീണ്ട രാജ്യങ്ങൾ ഏറെയാണ്.
സിറിയ, യമൻ പ്രതിസന്ധികളിൽ പ്രയാസപ്പെടുന്നവരെ തേടി ദിനേനയെന്നോണമാണ് കുവൈത്ത് റെഡ് ക്രസൻറിെൻറ വകയായി സഹായങ്ങൾ ഒഴുകുന്നത്. ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളും മരുന്നുകിറ്റുകളുമായി ടൺകണക്കിന് സാധനങ്ങളാണ് തുടർച്ചയായി വിവിധ രാജ്യങ്ങളിൽ വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.