കുവൈത്ത് സിറ്റി: തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമായി കുവൈത്ത് ജനത.
ദുരന്തം സംഭവിച്ചതിന് പിറകെ ആദ്യ 24 മണിക്കൂറിനുള്ളിൽ ഒരു കോടി ഡോളർ സഹായം നൽകി. സർക്കാർ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും സ്വകാര്യ കൂട്ടായ്മകളുമല്ലാം സഹായ വാഗ്ദാനവുമായി രംഗത്തുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് അടിയന്തര സഹായം എത്തിക്കാർ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഉത്തരവിട്ടിരുന്നു.
സഹായങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിസഭ സാമൂഹികകാര്യ മന്ത്രിയെ ചുമതലപ്പെടുത്തി. ചൊവ്വാഴ്ച കുവൈത്തിൽനിന്ന് ആദ്യ വിമാനം പുറപ്പെട്ടു. കൂടുതൽ സഹായങ്ങൾ എത്തിക്കാനുള്ള നടപടികൾ പുരോഗമിച്ചുവരുകയാണ്. തുർക്കിയയിലേക്ക് അടിയന്തര സഹായം എത്തിക്കുന്നതിന് ഒരു വിമാനം അനുവദിക്കാൻ സാമൂഹികകാര്യ മന്ത്രാലയം പ്രതിരോധ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇരു രാജ്യങ്ങളെയും സഹായിക്കാനായി രാജ്യവ്യാപകമായി നടത്തുന്ന കാമ്പയിനിലേക്ക് സംഭാവന നൽകുന്നതിന് 30 ചാരിറ്റികളിൽനിന്നും ഏജൻസികളിൽനിന്നുമുള്ള അപേക്ഷകൾ സാമൂഹികകാര്യ, കമ്യൂണിറ്റി വികസന മന്ത്രാലയം അംഗീകരിച്ചു. സഹായം അയക്കുന്നത് ത്വരിതപ്പെടുത്തുന്നതിന് ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സമ്പൂർണ സഹകരണത്തിനും സംയോജനത്തിനും മന്ത്രി മായ് അൽ ബാഗ്ലി ഉത്തരവിട്ടു.
തുർക്കിയയിലെ സിറിയൻ അഭയാർഥികൾ ഉൾപ്പെടെയുള്ളവരുടെ ദുരിതം ലഘൂകരിക്കുന്നതിന് പെട്ടെന്നുള്ള ഇടപെടലിനും മന്ത്രാലയം പരിശ്രമിക്കുന്നു.
കുവൈത്ത് സിറ്റി: ബുധനാഴ്ച അമീരി ദിവാൻ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അൽ സബലിന്റെ സാന്നിധ്യത്തിൽ കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് തുർക്കിയ വിദേശകാര്യമന്ത്രി മെവ്ലൂത് കാവുസോഗ്ലുമായി ഫോൺ സംഭാഷണം നടത്തി. സംഭാഷണത്തിൽ, കുവൈത്തിലെ രാഷ്ട്രീയ നേതൃത്വത്തിനും സർക്കാറിനും ജനങ്ങൾക്കും വേണ്ടി ശൈഖ് സലീം തുർക്കിയ സർക്കാറിനും ജനങ്ങൾക്കും ആത്മാർഥമായ അനുശോചനം അറിയിച്ചു. മരിച്ചവർക്ക് ഉന്നത പദവികൾ ലഭിക്കട്ടെയെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം പ്രാർഥിച്ചു. തുർക്കിയയിലേക്ക് അടിയന്തര സഹായങ്ങൾ അയക്കുന്നത് സംബന്ധിച്ച അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് നിർദ്ദേശങ്ങൾ മന്ത്രി സൂചിപ്പിച്ചു.
തുർക്കിയ വിദേശകാര്യമന്ത്രി കുവൈത്ത് നേതാക്കളോടും സർക്കാറിനോടും ജനങ്ങളോടും ദുരന്തനിവാരണത്തിന് നന്ദി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദവും സഹകരണവും, കുവൈത്തിന്റെ മാനുഷിക പങ്കും വ്യക്തമാക്കുന്നതാണ് ഈ സഹായങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.
ആശ്വാസവും പിന്തുണയുമായി വിദേശകാര്യമന്ത്രി
കുവൈത്ത് സിറ്റി: ഭൂകമ്പം നഷ്ടം വിതച്ച തുർക്കിയക്ക് ആശ്വാസവും പിന്തുണയുമായി വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അസ്സബാഹ്. ബുധനാഴ്ച തുർക്കിയ എംബസി സന്ദർശിച്ച ശൈഖ് സലീം സർക്കാറിനും ഭൂകമ്പബാധിതരായ ജനങ്ങൾക്കും അനുശോചനം അറിയിച്ചു. ദുരന്തത്തിൽ അഗാധമായ ദുഃഖവും ആത്മാർഥമായ ആശ്വാസവും പ്രകടിപ്പിച്ച മന്ത്രി അത് എംബസിയിലെ അനുശോചന ലെഡ്ജറിൽ രേഖപ്പെടുത്തി. നിരവധി പേർ മരിക്കാനും, പരിക്കേൽക്കാനും ഇടയാക്കുകയും വസ്തുവകകൾ നശിക്കുകയും ചെയ്ത ദുരന്തത്തിൽ മന്ത്രി തുർക്കിയ ജനതയോട് കുവൈത്തിന്റെ സഹതാപവും ഐക്യദാർഢ്യവും അറിയിച്ചു. പ്രതിസന്ധി മറികടക്കാൻ അവരെ സഹായിക്കുന്നതിനുള്ള പിന്തുണയും അദ്ദേഹം ആവർത്തിച്ചു. അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കുവൈത്തിന്റെ അനുശോചനം രേഖപ്പെടുത്തുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും കാണാതായവരെ കണ്ടെത്തട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.