കുവൈത്ത് സിറ്റി: കുവൈത്തും സൗദി അറേബ്യയും തമ്മിലുള്ള റെയിൽവേ സാധ്യത പഠനത്തിന് പൊതുമരാമത്ത് മന്ത്രാലയം അനുമതി നല്കി. ഇത് സംബന്ധമായ സാമ്പത്തിക-സാങ്കേതിക പഠനത്തിനുള്ള കരാറില്‍ സൗദി അധികൃതരും കുവൈത്ത് പൊതുമരാമത്ത് അണ്ടർസെക്രട്ടറി ഈദ് അൽ റഷീദിയും ഒപ്പുവെച്ചു. പദ്ധതിയുടെ സാധ്യതാപഠനം ഫ്രഞ്ച് കമ്പനിയായ സിസ്ട്രയാണ് നടത്തുക.
യാത്രയും ചരക്കുനീക്കവും എളുപ്പമാക്കുകയും ചെലവു കുറക്കുകയും ചെയ്യുമെന്നതിനാൽ ഗതാഗതരംഗത്തെ വലിയ മാറ്റത്തിന് ഈ റെയിൽപാത ഇടയാക്കും. കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സൗദി അറേബ്യ കിരീടാവകാശിയുടെയും വികസന കാഴ്ചപ്പാടാണ് കരാര്‍ സാധ്യമാക്കിയതെന്ന് ഈദ് അൽ റാഷിദി പറഞ്ഞു. കുവൈത്തിനും റിയാദിനും ഇടയിൽ 650 കിലോമീറ്ററാണ് റെയില്‍വേയുടെ ആകെ ദൂരം. ആറുമാസത്തിനകം സാധ്യതാപഠനം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം, സെവൻത് റിങ് റോഡ്, മുബാറക് അൽ കബീർ പോർട്ട് എന്നിവയും പദ്ധതിയുടെ ഭാഗമാകും. ഒന്നാംഘട്ടം ജി.സി.സി റൂട്ടിന്റെ 111 കിലോമീറ്ററും രണ്ടാംഘട്ടം മുബാറക് അൽ കബീർ തുറമുഖം വരെ 154 കിലോമീറ്ററും ഉൾക്കൊള്ളുന്നു.
ജി.സി.സി റെയിൽവേ പദ്ധതി 2030 ഡിസംബറിനകം യാഥാർഥ്യമാക്കാൻ കഴിഞ്ഞ ദിവസം മസ്കത്തിൽ ചേർന്ന ജി.സി.സി ഗതാഗത, വാർത്താവിനിമയ മന്ത്രാലയങ്ങളുടെ അണ്ടർ സെക്രട്ടറിമാരുടെ സമിതി തീരുമാനിച്ചിരുന്നു. പശ്ചിമേഷ്യയിലെ വാണിജ്യ സഞ്ചാരം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗള്‍ഫ് റെയില്‍വേ പദ്ധതിക്ക് രൂപം നല്‍കിയത്. 25 ബില്യൻ ഡോളർ ചെലവ് കണക്കാക്കുന്ന പദ്ധതിയിൽ 2,177 കി.മീറ്റർ ദൈർഘ്യമാണ് ദൂരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.