കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയെ തുടർന്ന് തകർന്ന സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ കുവൈത്ത് കൺസൽട്ടൻസി സഹായം തേടും. അമേരിക്കൻ കൺസൽട്ടൻസി കമ്പനിയായ മക്കൻസിയെയാണ് കൺസൽട്ടൻസിക്ക് പരിഗണിക്കുന്നതെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അൽറായ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
സ്വകാര്യ മേഖലയെ പൊതുവിലും ചെറുകിട, ഇടത്തരം സംരംഭങ്ങളെയും കരകയറ്റുന്നത് വഴി കണ്ടെത്തുകയാവും കൺസൽട്ടൻസിയുടെ ഉത്തരവാദിത്തം. പൊതുവായ സാമ്പത്തിക ഉത്തേജനത്തിനും വഴിതേടും. കോവിഡ് പ്രതിരോധത്തിനായി ലോക്ക് ഡൗണും മറ്റ് വിപണി നിയന്ത്രണങ്ങളും ഏർപ്പെടുത്തിയത് വാണിജ്യമേഖലക്ക് കടുത്ത ആഘാതം സൃഷ്ടിച്ചിട്ടുണ്ട്.
ക്രയവിക്രയങ്ങളുടെ തുടർച്ച നഷ്ടപ്പെട്ടതും ജനങ്ങളുടെ വാങ്ങൽ ശേഷി വൻതോതിൽ കുറഞ്ഞതുമാണ് പ്രധാന പ്രതിസന്ധി. ലോക്ക് ഡൗൺ കഴിഞ്ഞാലും പഴയ നിലയിലേക്ക് തിരിച്ചുകൊണ്ടുവരൽ എളുപ്പമല്ല. പൂർണ കർഫ്യൂവിൽ ഇളവ് വരുത്തിയത് വിപണിയെ ചെറുതായി ചലിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.
ക്രമാനുഗതമായി വിപണി തുറന്നുകൊടുക്കാനാണ് മന്ത്രിസഭ തീരുമാനം. ഫെബ്രുവരിക്ക് ശേഷം 45 ശതമാനം കുവൈത്തി സംരംഭങ്ങൾ അടച്ചതായാണ് ബെൻസിരി പബ്ലിക് റിലേഷൻ കമ്പനി നടത്തിയ പഠനത്തിൽ പറയുന്നത്. 26 ശതമാനത്തിലേറെ കമ്പനികളുടെ വരുമാനം കോവിഡ് കാലത്ത് 80 ശതമാനം കുറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
റീെട്ടയിൽ, നിർമ്മാണം, കരാർ തൊഴിൽ, ഹോസ്പിറ്റാലിറ്റി, പ്രഫഷനൽ സർവീസുകളെയെല്ലാം കോവിഡ് പ്രതിസന്ധി പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.