കുവൈത്ത് സിറ്റി: കുവൈത്ത് ചാരിറ്റി സംഘടനയായ തൻമിയ ലബനാനിലെ ഇസ്രായേൽ ആക്രമണത്തിൽ കുടിയൊഴിപ്പിക്കപ്പെട്ടവരെ സഹായിക്കുന്നതിനായി കാമ്പയിൻ ആരംഭിച്ചു. ലബനാൻ സന്നദ്ധ സംഘടനയുമായി സഹകരിച്ചാണ് സഹായ വിതരണം.
ഭക്ഷണപ്പൊതി, പുതപ്പ്, റൊട്ടി, വെള്ളം, മരുന്ന് എന്നിവ ഉൾപ്പെടെയുള്ളവയാണ് വിതരണം ചെയ്യുന്നത്. കുടിയിറക്കപ്പെട്ടവരിൽ ചിലർക്ക് ഭവന വാടകയും നൽകിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 1,00,000 ആളുകൾക്ക് കാമ്പയിനിന്റെ പ്രയോജനം ലഭിച്ചു.
സെപ്റ്റംബറിൽ ലബനാനിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കിയതിന് ശേഷം ഏകദേശം 1.5 ദശലക്ഷം ലബനീസ് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇവരിൽ പലരും അഭയകേന്ദ്രങ്ങളിലും മറ്റുള്ളവർ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലുമാണ് കഴിയുന്നത്.
ലബനാന് സഹായമായി കുവൈത്ത് ഇതിനകം രണ്ടു വിമാനങ്ങളിലായി ദുരിതാശ്വാസ സാമഗ്രികൾ അയച്ചിട്ടുണ്ട്. ഇസ്രായേലി ആക്രമണം, ബൈറൂത്ത് തുറമുഖ സ്ഫോടനം ഉൾപ്പെടെ നിരവധി സന്ദർഭങ്ങളിൽ കുവൈത്ത് നേരത്തെയും ലബനാന് സഹായം അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.