കുവൈത്ത് സിറ്റി: ഷൂട്ടിങ് താരം അബ്ദുല്ല അൽ റഷീദിയിലൂടെ കുവൈത്ത് ടോക്യോ ഒളിമ്പിക്സിൽ ആദ്യ മെഡൽ നേടി. പുരുഷന്മാരുടെ സ്കീറ്റിൽ വെങ്കല മെഡൽ നേടിയാണ് അബ്ദുല്ല അൽ റഷീദി രാജ്യത്തിെൻറ അഭിമാനം ഉയർത്തിയത്.
അസാക ഷൂട്ടിങ് റേഞ്ചിൽ നടന്ന മത്സരത്തിൽ അമേരിക്കയുടെ വിൻസെൻറ് ഹാൻകോക് സ്വർണവും ഡെൻമാർകിെൻറ ജെസ്പർ ഹാൻസൻ വെള്ളിയും നേടി.
ആറുപേരാണ് ഫൈനലിൽ മാറ്റുരച്ചത്. കഴിഞ്ഞ ഒളിമ്പിക്സിൽ ഇതേ ഇനത്തിൽ അബ്ദുല്ല അൽ റഷീദി വെള്ളി നേടിയിരുന്നു. കുവൈത്തിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ വിലക്കുണ്ടായിരുന്നതിനാൽ യോഗ്യത നേടിയ ഏഴ് കുവൈത്തി കായികതാരങ്ങൾ ഒളിമ്പിക് പതാകക്ക് കീഴിലാണ് മത്സരിച്ചത്.
കുവൈത്തിെൻറ അഭിമാനം അന്താരാഷ്ട്ര വേദിയിൽ ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും 2024ൽ പാരിസിൽ നടക്കുന്ന ഒളിമ്പിക്സിൽ സ്വർണം നേടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പ്രതികരിച്ചു. ഏഴാമത് ഒളിമ്പിക്സിലാണ് അദ്ദേഹം പെങ്കടുക്കുന്നത്. കഴിഞ്ഞ തവണ സ്വർണം നേടിയ ഫഹദ് അൽ ദൈഹാനി ടോക്യോ ഒളിമ്പിക്സിൽ മത്സരിക്കുന്നില്ല.
ഷൂട്ടർമാരായ അബ്ദുറഹ്മാൻ അൽ ഫൈഹാൻ, മൻസൂർ അൽ റഷീദി, തലാൽ തുർഗി അൽ റഷീദി, നീന്തൽ താരം ലാറ ദഷ്തി, അബ്ബാസ് ഖാലി, റോവിങ്ങിൽ മത്സരിക്കുന്ന അബ്ദുറഹ്മാൻ അൽ ഫാദിൽ, കരാേട്ട താരം മുഹമ്മദ് അൽ മൂസാവി, ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ യഅ്ഖൂബ് അൽ യൂഹ, മദാവി അൽ ശമ്മാരി എന്നിവരാണ് ടോക്യോ ഒളിമ്പിക്സിൽ മത്സരിക്കുന്ന മറ്റു കുവൈത്തി താരങ്ങൾ.
ടോക്യോ ഒളിമ്പിക്സിൽ പുരുഷന്മാരുടെ സ്കീറ്റിൽ വെങ്കലം നേടിയ കുവൈത്തി ഷൂട്ടർ അബ്ദുല്ല അൽ റഷീദി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.