കുവൈത്ത് സിറ്റി: ജോലിക്കാരുടെ ക്ഷാമം കാരണം കുവൈത്തിൽ കാർഷിക മേഖല പ്രതിസന്ധി നേരിടുന്നു. നേരത്തേ 30 ജോലിക്കാർ ഉണ്ടായിരുന്ന ഫാമുകളിൽ അഞ്ചുമുതൽ എട്ടുവരെ ആളുകൾ മാത്രമാണുള്ളത്.
അമിത ജോലിഭാരം കാരണം കർഷകത്തൊഴിലാളികൾ വലയുന്നു. ഫാമുകളുടെ മുഴുവൻ ഭാഗവും കൃഷി ചെയ്യാൻ കഴിയുന്നില്ല. നിലവിലുള്ള ജോലിക്കാർ അവധിക്ക് നാട്ടിൽ പോയിട്ട് നാളേറെയായി. നേരത്തേ പോയവർക്ക് കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിമാന സർവിസ് ഇല്ലാത്തതിനാൽ തിരിച്ചുവരാൻ കഴിയാത്തതാണ് തടസ്സം.
ഗാർഹികത്തൊഴിൽ ഉൾപ്പെടെ അവശ്യ സേവന വിഭാഗങ്ങളിലുള്ളവരെ പ്രത്യേകമായി കൊണ്ടുവരുന്നത് സർക്കാറിെൻറ പരിഗണനയിലുണ്ട്. കർഷകത്തൊഴിലാളികളെയും ഇതിൽ ഉൾപ്പെടുത്തണമെന്നും ക്വാറൻറീൻ ഫാമിൽ ഇരിക്കാൻ അനുമതി നൽകണമെന്നുമാണ് കർഷകരായ സ്വദേശികൾ ആവശ്യപ്പെടുന്നത്. ഉൽപാദന ചെലവ് കൂടിയതോടൊപ്പം ഉൽപന്നങ്ങൾക്ക് മാന്യമായ വില ലഭിക്കാത്തത് കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇടനിലക്കാർ ചെറിയ വിലക്ക് ശേഖരിച്ച് വൻവിലക്ക് വിൽക്കുന്നതായാണ് കർഷകരുടെ പരാതി. കാർഷികോൽപന്നങ്ങൾക്ക് വിപണി വിലയെ അപേക്ഷിച്ച് തുച്ഛമായ തുക മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്.
ഒാരോ ഉൽപന്നങ്ങൾക്കും മിനിമം വില നിശ്ചയിച്ച് അവിടം മുതൽ ലേലം ആരംഭിക്കണമെന്നാണ് ആവശ്യം. സഹകരണ സംഘങ്ങൾ നേരിട്ട് ലേലം വിളിക്കണമെന്നും ഇടനിലക്കാരുടെ കുത്തകയും ചൂഷണവും അവസാനിപ്പിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.കാർഷിക മേഖലയിലെ ഉൽപാദന ചെലവ് മുൻ കാലങ്ങളെക്കാൾ വർധിച്ചിട്ടുണ്ട്. വെള്ളം, വൈദ്യുതി നിരക്ക് 70 ശതമാനത്തോളം ഉയർന്നു. ഇതേനില തുടർന്നാൽ അടുത്ത സീസണിൽ ഈ രംഗം വിടാനുള്ള ചിന്തയിലാണ് തങ്ങളെന്ന് വഫ്രയിലെ കർഷകനായ താമിർ അബൂ നാദിർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.