കുവെത്ത് സിറ്റി: രാജ്യത്ത് മാധ്യമ നിയന്ത്രണം കാര്യക്ഷമമാക്കാനും മെച്ചപ്പെടുത്താനും നിയമ നിർമാണം കൊണ്ട് വരുമെന്ന് വാർത്താവിതരണ മന്ത്രി അബ്ദുൽ റഹ്മാൻ അൽ മുതൈരി പറഞ്ഞു. കുവൈത്തിലെ മാധ്യമ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നു ഘട്ടങ്ങളായാണ് നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുക. അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചുകൊണ്ട് മാധ്യമ നിയന്ത്രണം കാര്യക്ഷമമാക്കാനും മെച്ചപ്പെടുത്താനും മാധ്യമ നിയന്ത്രണ നിയമം ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒമ്പത് അധ്യായങ്ങളും 104 ലേഖനങ്ങളുമുള്ള കരട് നിയമത്തെക്കുറിച്ചുള്ള പൊതു ജനങ്ങളുടെ ഫീഡ്ബാക്ക് മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി സമര്‍പ്പിക്കാമെന്നും അൽ മുതൈരി പറഞ്ഞു.
മാധ്യമ നിയമം ലംഘിക്കുന്നവര്‍ക്ക് പരമാവധി ഒരു വർഷം തടവും 10,000 ദിനാറുമാണ് പുതിയ നിയമത്തില്‍ നിർദേശിക്കുന്നത്. അമീറിനെതിരെയുള്ള വിമർശനം, ഭരണ സംവിധാനത്തെ അട്ടിമറിക്കാനുള്ള പ്രേരണ തുടങ്ങിയ കുറ്റങ്ങളില്‍ ഒരു വർഷത്തിൽ കൂടാത്ത തടവും 5,000 മുതൽ 20,000 ദിനാർ വരെ പിഴയും ഈടാക്കുവാനും കരട് നിയമത്തില്‍ നിർദേശമുണ്ട്. സൗഹൃദ രാജ്യങ്ങളുമായുള്ള ബന്ധത്തിന് കോട്ടം വരുത്തുന്ന വാര്‍ത്തകള്‍ക്കെതിരെയും നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്. കൂടാതെ, വ്യക്തിഹത്യ, സാമൂഹിക സമാധാനത്തിന് ഭംഗം വരുത്തുന്ന കാര്യങ്ങൾ മുതലായ വ്യക്തികൾക്ക് ഹാനികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നവർക്ക് 3,000 ദിനാറിൽ കുറയാത്ത പിഴയും ഈടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.