പണ്ട് നാട്ടിൻപുറത്തെല്ലാം ഫുട്ബാൾ ടൂർണമെന്റുകൾ സജീവമായിരുന്നു. എല്ലാ ക്ലബുകളും സ്വന്തം നാട്ടുകാരെ കളത്തിലിറക്കിയാണ് ടൂർണമെന്റിൽ പങ്കെടുക്കുക. അറിയുന്ന ആൾക്കാർ ആവേശത്തോടെ പോരാടുമ്പോൾ ആ കളി കാണാനും ആവേശമായിരുന്നു. നാട്ടിലെ കളിക്കാരുടെ കളി എവിടെ ഉണ്ടെങ്കിലും ഓടി എത്തുന്ന ഒരു കാലഘട്ടമാണത്. കാണികളുടെ ഹരമായിരുന്ന കളിക്കാർ ഇന്നും ജനങ്ങളുടെ മനസ്സിലുണ്ട്. ഇന്ന് എറെ മാറിപ്പോയിരിക്കുന്നു.
നാട്ടിൻപുറങ്ങളിലെ ക്ലബുകളിൽ ഇപ്പോൾ കളത്തിലിറങ്ങുന്നത് പണം കൊടുത്തിറക്കുന്ന കളിക്കാരാണ്. അതുകൊണ്ടു തന്നെ വളർന്നു വരുന്ന നാട്ടിലെ കളിക്കാരെ ഉൾപ്പെടുത്തി മത്സരത്തിൽ പങ്കെടുക്കാൻ ചെറിയ ക്ലുബുകൾക്ക് കഴിയുന്നുമില്ല. ഇന്ത്യക്ക് പുറത്തുനിന്നു പോലും ആളുകളെ ഇറക്കുമതി ചെയ്താണ് പലരും കളിക്കുന്നത്. ടൂർണമെന്റുകൾ പണാധിപത്യത്തിലേക്ക് കടന്നിരിക്കുന്നു. ഈ പ്രവണതയെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. ഭാവിയിൽ അത് വലിയ അപകടത്തിലേക്ക് വഴിവെക്കും. നമ്മുടെ കുട്ടികൾ ഇറങ്ങി കളിക്കട്ടെ. ഒട്ടനവധി നല്ല കളിക്കാർ നമ്മുടെ നാട്ടിലുണ്ട്. നാട്ടിലെ ക്ലബുകൾ അവർക്ക് അവസരം കൊടുക്കണം.
പുറമെ നിന്ന് ആളുകളെ ഇറക്കുന്നത് നിർത്തണം. നമ്മുടെ കുട്ടികൾ കളിച്ച് ജയിച്ചു വരുമ്പോൾ അതിന് നൂറ് മാറ്റിന്റെ പരിശുദ്ധി ഉണ്ട്. സമ്മാനത്തുകയായി ലക്ഷങ്ങൾ നൽകണമെന്നില്ല. കളി വിജയിച്ച് വരുമ്പോൾ ട്രോഫിയോടൊപ്പം എല്ലാവർക്കും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള തുക കൂടി സമ്മാനമായി കൊടുത്താൽ മതി. അത് ഉണ്ടാക്കുന്ന ഐക്യവും അടുപ്പവും പുറം നാട്ടിൽ നിന്നുവന്ന് കളിച്ചുപോകുന്നവരിൽ കിട്ടില്ല.
നമുക്ക് പഴയ ആ നല്ല കാലത്തിലേക്ക് തിരിച്ചു പോകാൻ കഴിയണം. ടൂർണമെന്റ് നടത്തുന്നവർ ശ്രദ്ധിച്ചാൽ നമുക്ക് നല്ല ഫുട്ബാൾ തലമുറയെ ഉണ്ടാക്കിയെടുക്കാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.