കുവൈത്ത് സിറ്റി: കടൽ മാർഗം എത്തിയ ചരക്കിൽ ഒളിപ്പിച്ചനിലയിലുള്ള വൻ മദ്യശേഖരം പോർട്ട് കസ്റ്റംസ് പിടികൂടി. ഏകദേശം 2,183 കുപ്പി മദ്യമാണ് ഷുവൈഖ് പോർട്ട് കസ്റ്റംസ് ഇൻസ്പെക്ടർമാർ പിടികൂടിയത്.
ഗൾഫ് രാജ്യങ്ങളിലൊന്നിൽനിന്ന് എത്തിയ വലിയ ഇലക്ട്രിക് ജനറേറ്ററിലാണ് മദ്യം ഒളിപ്പിച്ചിരുന്നത്. ഷുവൈഖ് പോർട്ടിലെത്തിയ വസ്തുവിൽ കസ്റ്റംസ് ഇൻസ്പെക്ടർമാർക്ക് സംശയം തോന്നുകയും വിശദമായി പരിശോധിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
തുടർന്ന് ജനറൽ ഫയർഫോഴ്സിന്റെ പിന്തുണയോടെ തുറന്നപ്പോൾ മദ്യം ഉള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. വൈകാതെ പ്രതിയെ പിടികൂടി അധികാരികൾക്ക് കൈമാറിയതായി കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കസ്റ്റംസ്, തുറമുഖ കാര്യങ്ങളുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഒസാമ അൽ ഷാമി, നോർത്തേൺ പോർട്ട്സ് ആൻഡ് ഫൈലാക ദ്വീപ് കസ്റ്റംസ് ഡയറക്ടർ സലേഹ് അൽ ഹർബി എന്നിവർ കള്ളക്കടത്ത് തടയുന്ന പ്രവർത്തനങ്ങളിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അശ്രാന്ത പരിശ്രമത്തിന് നന്ദി പറഞ്ഞു. പ്രശ്നത്തിൽ ഇടപെട്ടതിന് ആഭ്യന്തര മന്ത്രാലയത്തിനും കുവൈത്ത് ഫയർഫോഴ്സിനും നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.