2006 ഏപ്രിൽ മാസത്തിലെ പൊതു തെരഞ്ഞെടുപ്പിൽ ആയിരുന്നു എന്റെ കന്നിവോട്ട്. നഴ്സിങ് പഠനകാലത്തിന്റെ അർധ വാർഷിക അവധിയിലായിരുന്നു അത്. 17ാം വയസ്സിൽ പഠനത്തിനായി കർണാടകയിലേക്ക് പോയതാണ്. എങ്കിലും അവധിക്കായി നാട്ടിലെത്തിയ സമയങ്ങളിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുകയും തിരിച്ചറിയൽ കാർഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു. അങ്ങനെ കാത്തിരുന്ന ദിവസമെത്തി. തീയതി കൃത്യമായി ഓർക്കുന്നില്ല, ഏപ്രിൽ മാസത്തിൽ ആയിരുന്നു വോട്ടെടുപ്പ്. ജനാധിപത്യ പ്രക്രിയയിൽ പങ്കാളി ആവുക എന്നതിലുപരി കൂട്ടുകാർക്ക് മുമ്പിൽ വോട്ട് ചെയ്തുവെന്ന് അറിയിക്കണം എന്നതായിരുന്നു വോട്ടെടുപ്പിന് പോകുവാനുള്ള പ്രധാന ചേതോവികാരം. നേരത്തെ തന്നെ സ്ലിപ്പ് എല്ലാം തയാറാക്കി വെച്ചു. അത് രാവിലെ എഴുന്നേറ്റ് ഏഴു മണിക്ക് മുമ്പായി പോളിങ് ബൂത്തിലെത്തി.
പന്തളം മണ്ഡലത്തിലെ പൂഴിക്കാട് ഗവ. യു.പി സ്കൂളിലായിരുന്നു ബൂത്ത് ക്രമീകരിച്ചിരുന്നത്. ആദ്യമായി വോട്ട് ചെയ്യാൻ പോകുന്നതിന്റെ സമ്മർദം ഇല്ലെന്ന് പറഞ്ഞാൽ അത് പച്ചക്കള്ളമാകും. വെളുപ്പിന് തന്നെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പോളിങ് ബൂത്തിന് അടുത്തായി പ്രത്യേക സ്ഥലം ക്രമീകരിച്ച് ഇരിപ്പുറപ്പിച്ചിരുന്നു. അവർ വോട്ട് ചെയ്യാൻ വരുന്നവർക്ക് തങ്ങളുടെ സ്ഥാനാർഥിയെയും ക്രമനമ്പറും ഓർമിപ്പിച്ചു കൊടുത്തു. ഇവർക്കിടയിലൂടെ ഞാൻ ബൂത്തിലേക്കു നടന്നു. അതിനിടയിൽ പരിചയക്കാർ കുശലാന്വേഷണം നടത്തി. അവിടെ നിന്നിരുന്നവർ ബാലറ്റിലെ ക്രമനമ്പർ ഓർമിപ്പിച്ചു. എല്ലാവരോടും വോട്ട് നൽകാമെന്ന് ഉറപ്പും നൽകി മുന്നോട്ട്. ബാലറ്റ് യൂനിറ്റിന് മുന്നിൽ എത്തിയപ്പോൾ തരിച്ചു പോയി. എല്ലാ പ്രധാന സ്ഥാനാർഥികളുടെയും പേരുകൾ രണ്ടും മൂന്നും തവണ ക്രമപ്പെടുത്തിയിരിക്കുന്നു. ഒന്നുകൂടി നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത്. പലരും അപരന്മാരാണ്. എതിരാളികളുടെ വോട്ട് ഭിന്നിപ്പിക്കാൻ പാർട്ടികളുടെ തന്ത്രം. അതിനിടയിലൂടെ മനസ്സിലുള്ള സ്ഥാനാർഥിയെ കണ്ടെത്തി വോട്ടുചെയ്തു. അത് പന്തളം മണ്ഡലത്തിലെ അവസാന തെരഞ്ഞെടുപ്പ് ആയിരുന്നു. മണ്ഡല പുനഃക്രമീകരണം വന്നപ്പോൾ പന്തളം ഇല്ലാതെയായി. ഇപ്പോൾ ഞങ്ങൾ അടൂർ മണ്ഡലത്തിന്റെ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.