ലുലു ഗ്രൂപ് സഹായങ്ങൾ ഒരുക്കുന്നു
കുവൈത്ത് സിറ്റി: ഗസ്സയിലെ ജനങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ അയച്ച് കാരുണ്യത്തിന്റെ കൈനീട്ടി ലുലു ഗ്രൂപ്. ഭക്ഷ്യ ഉൽപന്നങ്ങളും മരുന്നുകളും ശുചിത്വ ഉൽപന്നങ്ങളും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ അടങ്ങുന്ന സഹായം ലുലു ഗ്രൂപ് ഈജിപ്ത് റെഡ് ക്രസന്റ് അധികൃതർക്ക് കൈമാറി. 50 ടൺ വസ്തുക്കൾ അടങ്ങുന്നതാണ് ലുലുവിന്റെ ആദ്യ ബാച്ച് സഹായം.
ഈജിപ്ത് റെഡ് ക്രസന്റ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ.റാമി എൽ നാസർ, ലുലു ഈജിപ്ത്, ബഹ്റൈൻ ഡയറക്ടർ ജുസർ രൂപവാല, റീജനൽ ഡയറക്ടർ ഹുസേഫ ഖുറേഷി, ലുലു ഈജിപ്ത് മാനേജർ ഹാതിം സയീദ് എന്നിവരിൽ നിന്ന് സഹായം സ്വീകരിച്ചു. ഈജിപ്ത് റെഡ് ക്രസന്റ് അധികൃതർ സഹായം ഗസ്സയിൽ വിതരണം ചെയ്യുന്നതിന് നേതൃത്വം നൽകും. സംരംഭത്തെ സ്വാഗതം ചെയ്ത ഡോ.റാമി എൽ നാസർ ഫലസ്തീനിലെ ജനങ്ങൾക്ക് സമയോചിതമായ പിന്തുണ നൽകിയതിന് ലുലു ഗ്രൂപ്പിനോടും ചെയർമാൻ യൂസഫലിയോടും നന്ദി അറിയിച്ചു.
യു.എ.ഇയുടെ ഗസ്സ ദുരിതാശ്വാസ കാമ്പയിനിന്റെ പ്രധാന പങ്കാളി കൂടിയാണ് ലുലു ഗ്രൂപ്. കൂടാതെ എമിറേറ്റ്സ് റെഡ് ക്രസന്റുമായി സഹകരിച്ച് വിവിധ സഹായ സാമഗ്രികൾ ശേഖരിക്കാനും അയക്കാനും വിവിധ ലുലു ഹൈപ്പർമാർക്കറ്റുകളിൽ പ്രത്യേക സഹായ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുമുണ്ട്.
സമാന സംരംഭങ്ങൾക്കായി ലുലു ഗ്രൂപ് മറ്റ് ഗൾഫ് രാജ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഹ്യുമാനിറ്റേറിയൻ ഏജൻസികളുമായി ചേർന്നും പ്രവർത്തിക്കുന്നു. അടുത്തിടെ ലുലു ഗ്രൂപ് ബഹ്റൈൻ ദേശീയക കാമ്പയിനിനെ പിന്തുണച്ച് റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന് 25000 ബഹ്റൈൻ ദീ-നാർ സംഭാവന നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.