ഫൈലക്ക ദ്വീപിൽ കണ്ടെത്തിയ പൂർവകാല ജലക്കിണർ
കുവൈത്ത് സിറ്റി: നൂറ്റാണ്ടുകളുടെ കഥപറയുന്ന ചരിത്രാത്ഭുതങ്ങളുടെ തീരമായ ഫൈലക ദ്വീപിൽ നിന്ന് മറ്റൊരു പ്രധാന കണ്ടെത്തൽ കൂടി. ദ്വീപിൽ ഒരു പുരാതന ജലകിണർ കണ്ടെത്തിയതായി നാഷനൽ കൗൺസിൽ ഫോർ കൾചർ, ആർട്സ് ആൻഡ് ലെറ്റേഴ്സ് (എൻ.സി.സി.എ.എൽ) അറിയിച്ചു.
ഇസ്ലാമിന് മുമ്പോ ഇസ്ലാമിക കാലഘട്ടത്തിന്റെ തുടക്കത്തിലോ നിർമിച്ചതെന്ന് കരുതുന്നതാണിത്. കിണറിന് 4.5 മീറ്റർ ആഴവും നാല് മീറ്റർ വീതിയുമുണ്ട്. എ.ഡി. എഴ്, എട്ട് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു വീടിന്റെ മുറ്റത്താണ് കിണർ കണ്ടെത്തിയതെന്ന് എൻ.സി.സി.എ.എല്ലിന്റെ പുരാവസ്തു, മ്യൂസിയം വിഭാഗം ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ റെദ പറഞ്ഞു.
ഒരു കെട്ടിടത്തിന്റെ അടിത്തട്ട്, വീടിന് ചുറ്റുമുള്ള കൂറ്റൻ മതിലിന്റെ തെളിവുകൾ, 1,300 നും 1,400 നും ഇടയിൽ പഴക്കമുള്ള മൺപാത്രങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവയും കണ്ടെത്തലിൽ ഉൾപ്പെടുന്നു.
ഇസ്ലാമിന് മുമ്പുള്ളതും ആദ്യകാല ഇസ്ലാമിക കാലഘട്ടത്തെയും പ്രതിനിധീകരിക്കുന്നതാണിവ. ഫൈലക്ക ദ്വീപിലെ ഏറ്റവും വലിയ പുരാവസ്തു കേന്ദ്രങ്ങളിലൊന്നായ അൽ ഖുസൂർ പ്രദേശത്ത് 2019 ൽ ആരംഭിച്ച ഖനന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ കണ്ടെത്തൽ. ഫൈലക്ക ദ്വീപിലെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു കണ്ടെത്തലുകളിൽ ഒന്നാണ് ഇതെന്ന് കുവൈത്ത് സർവകലാശാല നരവംശശാസ്ത്ര പുരാവസ്തു ഗവേഷക പ്രൊഫസർ ഡോ. ഹസ്സൻ അഷ്കനാനി പറഞ്ഞു.
1,400 വർഷങ്ങൾക്ക് മുമ്പ് ദ്വീപിലെ സാമ്പത്തിക പ്രവർത്തനങ്ങളുടെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്ന മാണിക്യം, പർപ്പിൾ അമെത്തിസ്റ്റ് തുടങ്ങിയ അഞ്ച് കിലോഗ്രാമിലധികം വിലയേറിയ കല്ലുകൾ എന്നിവ കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി. നവംബറിൽ ദ്വീപിൽ നിന്ന് 4000 വർഷങ്ങൾക്ക് മുമ്പുള്ള പ്രാർഥന കേന്ദ്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.