കുവൈത്ത് സിറ്റി: ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി മലയാളി സംഘടനകളും. സ്വദേശികൾക്കൊപ്പം പ്രവാസികളുടെ ക്ഷേമത്തിലും വലിയ പരിഗണന നൽകിയ വ്യക്തിയായിരുന്നു അന്തരിച്ച അമീറെന്ന് വിവിധ സംഘടന നേതാക്കൾ ചൂണ്ടികാട്ടി.
കെ.എം.സി.സി
അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി അഗാധമായ ദുഃഖം രേഖപ്പെടുത്തി. നയതന്ത്രത്തിനും സമാധാന നിർമാണത്തിനും പേരുകേട്ട ശൈഖ് നവാഫിന്റെ നിര്യാണം അറബ് മേഖലക്ക് തീരാ നഷ്ടമാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അനുശോചന സന്ദേശത്തിൽ അറിയിച്ചു.
ടെക്സാസ് കുവൈത്ത്
നിര്യാണത്തിൽ തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷന് ടെക്സാസ് കുവൈത്ത് അനുശോചനം രേഖപ്പെടുത്തി. കുവൈത്തിന്റെ പുരോഗതിയിൽ വലിയ പങ്ക് വഹിച്ചയാളാണ് ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്. പ്രവാസി സമൂഹത്തോട് പ്രത്യേകിച്ച് ഇന്ത്യക്കാരോട് അദ്ദേഹം പുലർത്തിയിരുന്ന ബദ്ധവും സ്നേഹവും വലുതായിരുന്നു. അമീറിന്റെ നിര്യാണത്തിൽ കടുത്ത ദുഃഖവും അനുശോചനവും രേഖപെടുത്തുന്നതായി ടെക്സാസ് പ്രസിഡന്റ് ജിയാഷ് അബ്ദുൽ കരീം, ജനറൽ സെക്രട്ടറി ജോർജ്ജ്, ട്രഷറർ കനകരാജ് എന്നിവർ അറിയിച്ചു.
പി.സി.എഫ് കുവൈത്ത്
നിര്യാണത്തിൽ പി.സി.എഫ് കുവൈത്ത് സെൻട്രൽ കമ്മിറ്റി അനുശോചിച്ചു. അമീറിന്റെ നിര്യാണത്തിലൂടെ അറബ് മേഖലയിലെ ഏറ്റവും നല്ല നയതന്ത്രജ്ഞനെയാണ് നഷ്ടമായതെന്ന് പി.സി.എഫ് ചൂണ്ടിക്കാട്ടി.
കെ.ഐ.സി
മനുഷ്യത്വത്തിന് വലിയ പരിഗണ നൽകിയ അറബ് ലോകത്തെ സമാധാന ദൂതനായിരുന്നു ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹെന്ന് കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ (കെ.ഐ.സി) ചൂണ്ടിക്കാട്ടി. വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. അമീറിന്റെ വേര്‍പ്പാട് സ്വദേശികള്‍ക്കെന്ന പോലെ പ്രവാസി സമൂഹത്തിനും വലിയ നഷ്ടമാണ്. പ്രവാസി സമൂഹത്തിന്റെയും ക്ഷേമം ഉറപ്പുവരുത്താൻ അദ്ദേഹം അതീവ തൽപരനായിരുന്നു. ഭരണാധികാരി എന്ന നിലയില്‍ ദീര്‍ഘവീക്ഷണത്തോടെയും നിശ്ചയദാര്ഢ്യത്തോടെയുമുളള തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും പ്രശംസനീയമായിരുന്നു എന്നും കെ.ഐ.സി വ്യക്തമാക്കി.
കെ.കെ.പി.എ
സ്വദേശികൾക്കും, വിദേശികൾക്കും ഏറെ പ്രിയനായ അമീറിന്റെ വിയോഗത്തിൽ കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ (കെ.കെ.പി.എ) അനുശോചനം രേഖപെടുത്തി. നാടിന്റെ ദുഃഖത്തിൽ പങ്കുചേർന്നു മൂന്നു ദിവസം ദുഃഖം ആചരിക്കാനും തീരുമാനിച്ചു.
ഹുദ സെന്റർ കെ.എൻ.എം
അമീർ ഹിസ് ഹൈനസ് ശൈഖ് നവാഫ് അൽ അഹ്മദ് അൽജാബിർ അസ്സബാഹിന്റെ നിര്യാണം കുവൈത്തിനും അറബ് ഇസ്ലാമിക സമൂഹത്തിനും കനത്ത നഷ്ടമാണെന്ന് ഹുദ സെന്റർ കെ.എൻ.എം വ്യക്തമാക്കി. അമീറിന്റെ വേർപാട് വേദനയിൽ പങ്കുചേരുന്നതോടൊപ്പം രക്ഷിതാവിന്റെ കാരുണ്യത്തിനും സ്വർഗ പ്രവേശനത്തിനുമായി പ്രാർഥിക്കുന്നതായും ഹുദ സെന്റർ കേന്ദ്ര സെക്രട്ടേറിയറ്റ് അറിയിച്ചു.
ഐ.ഐ.സി
അമീറിന്റെ വിയോഗത്തിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ (ഐ.ഐ.സി) അനുശോചനം അറിയിച്ചു. ശക്തനായ ഭരണാധികാരിയും മികച്ച നേതാവുമായിരുന്നു അമീർ. ജന്മനാടിന്റെയും അറബ്-ഇസ്ലാമിക രാഷ്ട്രത്തിന്റെയും സേവനത്തിൽ ജീവിതം സമർപ്പിച്ച മികച്ച വ്യക്തിത്വത്തെയാണ് നഷ്ടമായതെന്നും പ്രസിഡൻറ് യൂനുസ് സലീം, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി എന്നിവർ അറിയിച്ചു.
കോഴിക്കോട് ജില്ല അസോസിയേഷൻ
നിര്യാണത്തിൽ കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് അനുശോചനം രേഖപ്പെടുത്തി. കുവൈത്തിലെ പ്രവാസി സമൂഹത്തോട് വളരെ സ്നേഹത്തോടെ പെരുമാറിയ അമീന്റെ വിയോഗം പ്രവാസി സമൂഹത്തിനും വലിയ നഷ്ടമാണ്. കുവൈത്ത് ഭരണ രംഗത്ത് വ്യക്തിഗത അടയാളപ്പെടുത്തലുകൾ നടത്തിയാണ് അദ്ദേഹം വിടവാങ്ങിയത്. കുവൈത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും സംഘടന പ്രസിഡന്റ് പി.വി. നജീബ്, ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ്, ട്രഷറർ സന്തോഷ് കുമാർ എന്നിവർ അറിയിച്ചു.
കെ.ഡി.എൻ.എ
നിര്യാണത്തിൽ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ കോഴിക്കോട് ജില്ല എൻ.ആർ ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) അനുശോചിച്ചു. ഇന്ത്യ -കുവൈത്ത് സൗഹൃദ ബന്ധത്തിന്റെ പാരമ്പര്യ അടിത്തറയിലൂന്നിക്കൊണ്ടുള്ള ശൈഖ് നവാഫിന്റെ സേവനങ്ങളെ ഇന്ത്യൻ സമൂഹം എന്നെന്നും സ്മരിക്കപ്പെടുമെന്ന് കെ.ഡി.എൻ.എ ആക്ടിങ് പ്രസിഡന്റ് കൃഷ്ണൻ കടലുണ്ടി, ജനറൽ സെക്രട്ടറി എം.എം.സുബൈർ എന്നിവർ അറിയിച്ചു.
കെ.ഇ.എ
ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിൽ കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ (കെ.ഇ.എ)അനുശോചിച്ചു. നാടിന്റെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് മൂന്നു ദിവസം ദുഃഖം ആചരിക്കാൻ സംഘടന തീരുമാനിച്ചതായും ഭാരവാഹികൾ അറിയിച്ചു.
ജനത കൾച്ചറൽ സെന്റർ
വിയോഗത്തിൽ ജനത കൾച്ചറൽ സെന്റർ അനുശോചനം രേഖപ്പെടുത്തി. ലോകരാജ്യങ്ങൾക്കും കുവൈത്ത് ജനതക്കും തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് ഭാരവാഹികളായ സമീർ കൊണ്ടോട്ടി, അനിൽ കൊയിലാണ്ടി, മണി പാനൂർ എന്നിവർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ
അമീറിന്റെ നിര്യാണത്തിൽ കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് ദുഃഖം രേഖപെടുത്തി. അമീറിന്റെ വേർപാട് ഇന്ത്യക്കാർക്ക് അടക്കം പ്രവാസി സമൂഹത്തിനു വലിയ നഷ്ടമാണ്. കുവൈത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും സംഘടന അറിയിച്ചു.
തിരുവല്ല പ്രവാസി അസോസിയേഷൻ
അമീറിന്റെ നിര്യാണത്തിൽ തിരുവല്ല പ്രവാസി അസോസിയേഷൻ അനുശോചിച്ചു. അമീറിന്റെ നിര്യാണം കുവൈത്തിനൊപ്പം ലോകത്തിന് ആകമാനം വലിയ നഷ്ടമാണെന്ന് പ്രസിഡന്റ് റെജി കൊരുത്, ജനറൽ സെക്രട്ടറി ജെയിംസ് വി കൊട്ടാരം എന്നിവർ പറഞ്ഞു.
കെ.ഐ.ജി
നിര്യാണത്തിൽ കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) കുവൈത്ത് അനുശോചനം രേഖപ്പെടുത്തി. രാജ്യത്തിന്റെ പുരോഗതിയിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉറപ്പുവരുത്തിയ അദ്ദേഹം സ്വദേശികളെ പോലെ തന്നെ വിദേശികളെയും നോക്കിക്കണ്ട ഭരണാധികാരിയായിരുന്നു. വിവിധ മേഖലകളിലെ ദീർഘകാലത്തെ ഭരണപരിചയം രാജ്യനൻമക്ക് വേണ്ടി ഉപയോഗിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. അറബ് രാജ്യങ്ങളുടെ കെട്ടുറപ്പ്, ഫലസ്തീൻ ജനതയോടുള്ള കലവറയില്ലാത്ത പിന്തുണ തുടങ്ങി രാജ്യത്തിന്റെ അടിസ്ഥാന നിലപാടുകളെ ഉയർത്തിപ്പിടിച്ച ഭരണാധികാരികൂടിയാണ് ശൈഖ് നവാഫ്. കുടുംബത്തിന്റെയും കുവൈത്ത് ജനതയുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും കെ.ഐ.ജി അറിയിച്ചു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ
അമീർ ശൈഖ് നവാഫ് അസ്സബാഹിന്റെ നിര്യാണത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ അഗാധമായ ദുഃഖവും പ്രാർഥനയും രേഖപ്പെടുത്തി. കുവൈത്തിന്റെ അകത്തും ഇന്ത്യ അടക്കമുള്ള പുറം രാജ്യങ്ങളിലും സമാധാനത്തിന്റെ വ്യാപനത്തിനും ഇസ്ലാമിക സംസ്കാരത്തിന്റെ വളർച്ചക്കും തന്റെതായ സേവനങ്ങൾ അർപിക്കുന്നതിൽ അതീവ തൽപരനായിരുന്നു ശൈഖ് നവാഫ് എന്ന് വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ പ്രസിഡൻറ് പി.എൻ. അബ്ദുലത്തീഫ് മദനിയും ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫും അനുശോചന സന്ദേശത്തിൽ അറിയിച്ചു.
ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ്
കുവൈത്ത് സിറ്റി: അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് അനുശോചിച്ചു. കുവൈത്തിന് ദിശാബോധത്തോടെ നേതൃത്വം കൊടുത്ത മികച്ച ഭരണാധികാരിയായിരുന്നു ശൈഖ് നവാഫ്. സംരംഭകരോട് എന്നും നല്ല സൗഹൃദം പുലർത്താൻ അദ്ദേഹം ശ്രമിച്ചിരുന്നതായും അദീബ് അഹമ്മദ് അനുശോചന സന്ദേശത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.