ബുധനാഴ്ച പുലർച്ചവരെ ആറു നിലകളിലായി നിരവധി പേർ കയറിയിറങ്ങിയിരുന്ന മൻഗഫിലെ ക്യാമ്പ് കെട്ടിടത്തിൽ ഇപ്പോൾ ആളും ആരവവുമില്ല. വലിയൊരു ദുരന്തത്തിന് ഇടയായ കെട്ടിടമെന്ന് ഒറ്റനോട്ടത്തിൽ പുറംകാഴ്ചയിൽ തോന്നുകയുമില്ല. അപകടത്തിന്റെ ബാക്കിപത്രം പോലെ വാതിലുകളിലും ജനലുകളിലും പുകനിറം കാണാം. ഇതിനകത്താണ് 49 പേരുടെ സ്വപ്നങ്ങളും പുക മൂടിയത്.
അപകടത്തിന് പിറകെ മുഴുവൻ പേരെയും ഒഴിപ്പിച്ച കെട്ടിടത്തിൽ അധികൃതർ പരിശോധനകൾ പൂർത്തിയാക്കി. കെട്ടിടത്തിലെ സാങ്കേതിക പരിശോധന, വിശകലനം എന്നിവയും കഴിഞ്ഞിട്ടുണ്ട്. ഇവിടെ താമസിച്ചിരുന്ന തൊഴിലാളികളെ നിലവിൽ മറ്റൊരു ഫ്ലാറ്റിലേക്ക് മാറ്റിയിരിക്കുകയാണ്.
കുവൈത്ത് സിറ്റി: മൻഗഫ് ബ്ലോക്ക് നാലിലെ 23ാം സ്ട്രീറ്റ് ഇപ്പോൾ പതിവിലേറെ മൂകമാണ്. ബുധനാഴ്ചത്തെ ദുരന്തത്തിന്റെ ഓർമയിൽനിന്ന് പലരും ഇതുവരെ മുക്തമായിട്ടില്ല. അപകടം ആദ്യം കണ്ടവരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരുമായ മലയാളികൾക്ക് ഉറക്കം നഷ്ടപ്പെട്ട രാത്രികളാണ് കഴിഞ്ഞുപോയത്. പുലർച്ച അസാധാരണമായ ബഹളത്തിലേക്കും പുകമണത്തിലേക്കും ഉറക്കമുണർന്നവർക്ക് മുന്നിൽ കണ്ട ദൃശ്യങ്ങൾ വിവരിക്കുമ്പോൾ ഇപ്പോഴും തൊണ്ടയിടറുന്നുണ്ട്.
അപകടം നടന്ന കെട്ടിടത്തിൽ നിന്നുള്ള നിലവിളികളും ശുദ്ധവായുവിനായുള്ള വെപ്രാളങ്ങളും ആളുകളുടെ കണ്ണുകളിൽനിന്ന് മാഞ്ഞിട്ടില്ല. അതിവേഗത്തിലാണ് കെട്ടിടത്തിൽ തീപടർന്നതും പുക നിറഞ്ഞതും. അപകടത്തിൽനിന്ന് രക്ഷതേടി ബാൽക്കണിയിലും ജനാലകളിലും തല പുറത്തേക്കിട്ടവരിൽ പലരിലും പുക വന്നുമൂടുന്നത് കണ്ടുനിൽക്കാനേ പലർക്കും കഴിഞ്ഞുള്ളൂ. പ്രാണരക്ഷാർഥം താഴേക്ക് ചാടിയവരിൽ ചിലർ തൊട്ടുമുന്നിൽ മരണത്തിന് കീഴടങ്ങുന്നതും രക്ഷാപ്രവർത്തകർക്ക് കാണേണ്ടിവന്നു. പരിക്കേറ്റവരെയും മരിച്ചവരെയും കെട്ടിടത്തിൽനിന്ന് പുറത്തെത്തിക്കുന്ന കാഴ്ചയും ദയനീയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.