കുവൈത്ത് സിറ്റി: മൻഗഫ് തീപിടിത്ത കേസിൽ അറസ്റ്റിലായ 15 പേരുടെ തടങ്കൽ നീട്ടി. കേസിൽ ഇതുവരെയായി എട്ട് പൗരന്മാർ, മൂന്ന് ഇന്ത്യക്കാർ, നാല് ഈജിപ്തുകാർ എന്നിവരാണ് തടങ്കലിലുളളത്. നരഹത്യ, അശ്രദ്ധ തുടങ്ങിയ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. മൻഗഫിലെ എൻ.ബി.ടി.സി തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടിത്തത്തിൽ 49 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തീപിടിത്തത്തെ കുറിച്ച അന്വേഷണം നടന്നുവരികയാണ്. അഹമ്മദി, മുബാറക് അൽ കബീർ പ്രോസിക്യൂട്ടർമാരുടെ ഒരു സംഘം ഇതിനായി രൂപവത്കരിച്ചിട്ടുണ്ട്. ഇവർ കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിക്കുകയും പരിക്കേറ്റവരിൽ നിന്ന് ആശുപത്രികൾ സന്ദർശിച്ച് വിവരം ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ക്രിമിനൽ എവിഡൻസ്, ഫോറൻസിക് മെഡിസിൻ വിഭാഗങ്ങളും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തീപിടിത്തത്തിന് കാരണം വൈദ്യുതി തകരാറാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
അതിനിടെ, അപകടത്തിന് പുറകെ സസ്പെൻഡ് ചെയ്ത അഹമ്മദി മുനിസിപ്പാലിറ്റിയിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിക്കാൻ പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുമായ ഡോ. നൂറ അൽ മഷാൻ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറലിന് നിർദേശം നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. തീപിടിത്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ രൂപവത്കരിച്ച നിഷ്പക്ഷ സമിതിയുടെ ശിപാർശയെ തുടർന്നാണ് ഈ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.