കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വദേശിവത്കരണവും കോവിഡ് പ്രതിസന്ധിയും ജോലി നഷ്ടപ്പെടുത്തിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ രാജ്യത്ത് സ്വകാര്യമേഖലയിൽ നിരവധി ജോലി ഒഴിവുകൾ. പുതിയ വിസകൾ അനുവദിച്ചു തുടങ്ങാത്തതും അവധിക്ക് നാട്ടിൽ പോയ നിരവധിപേർക്ക് തിരിച്ചുവരാൻ കഴിയാത്തതും ജോലി ഒഴിവിന് കാരണമായിട്ടുണ്ട്.
ഇടത്തരം തസ്തികകളിലാണ് കൂടുതൽ ഒഴിവുള്ളത്. നിലവിൽ കുവൈത്തിലുള്ള, വിസ മാറ്റാൻ കഴിയുന്നവർക്ക് ധാരാളം അവസരമുണ്ട്. നേരത്തേ കോവിഡ് പ്രതിസന്ധി മൂർച്ഛിച്ച സമയത്ത് ജീവനക്കാരെ വെട്ടിച്ചുരുക്കിയ പല സ്ഥാപനങ്ങളും ഇപ്പോൾ ആളെ തിരയുകയാണ്. വിപണി പതിയെ ഉണർന്നുവരുന്നതിെൻറ ലക്ഷണമായി ഇതിനെ കാണാം. കോവിഡ് പ്രതിസന്ധി വിപണിയിൽ ആഘാതം സൃഷ്ടിച്ചിട്ടുണ്ടെന്നത് യാഥാർഥ്യമാണ്.
വിദേശികളിൽ നല്ലൊരു ശതമാനം നാട്ടിൽ പോയതും ആളുകൾ അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുന്നതുമാണ് ഇതിന് കാരണം. നാട്ടിലുള്ളവർ തിരിച്ചെത്തി തുടങ്ങുകയും കുവൈത്തിൽനിന്ന് പ്രവാസികൾ സുഗമമായി അവധിയിൽ പോവുന്ന സ്ഥിതിയുണ്ടാവുകയും ചെയ്താൽ സാമ്പത്തിക വ്യവസ്ഥയുടെ ചലനം വേഗത്തിലാവും.
ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ അധികൃതർ നടത്തുന്നു. അടുത്തമാസം വിമാന സർവിസ് നിയന്ത്രണങ്ങൾ നീക്കുമെന്നാണ് പ്രതീക്ഷ. ഗാർഹികത്തൊഴിലാളികളുടെ ക്ഷാമവും വ്യാപകമാണ്. ഇത് മുതലാക്കി ഗാർഹിക തൊഴിലാളികളെ കരിഞ്ചന്തയിൽ കൈമാറുന്നുണ്ട്.
ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളിൽനിന്ന് നേരിട്ട് കുവൈത്തിലേക്ക് വരുന്നതിന് വിലക്ക് നിലവിലുള്ളതാണ് ക്ഷാമം രൂക്ഷമാവാൻ കാരണം. കുവൈത്തിലുള്ള ഗാർഹിക തൊഴിലാളികളിൽ അധികവും ഇൗ രാജ്യക്കാരാണ്. പുതുതായി വിസ അനുവദിച്ചു തുടങ്ങിയിട്ടുമില്ല. നിലവിലെ ഗാർഹിക തൊഴിലാളികളിൽ 40 ശതമാനം കരാർ കാലാവധി കഴിയാറായി. അവരിൽ പലരും തിരിച്ചുപോവാൻ ആവശ്യപ്പെടുന്നുണ്ട്. വിസ ഇഷ്യൂ ചെയ്തു തുടങ്ങിയാലും ക്ഷാമം നേരിടുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.