കുവൈത്ത് സിറ്റി: അസർബൈജാൻ തലസ്ഥാനമായ ബാകുവിൽ ചേർന്ന ചേരിചേരാ പ്രസ്ഥാന കോൺടാക്ട് ഗ്രൂപ് (നാം) ഉച്ചകോടിയിൽ അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായി, വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് പങ്കെടുത്തു. കോവിഡ്-19 മഹാമാരിയുടെ സാമ്പത്തികസുരക്ഷ, ആരോഗ്യ പ്രത്യാഘാതങ്ങൾ എന്നിവ തടയുന്നതിനുള്ള സംയുക്ത അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കുന്നതിനുള്ള മാർഗം ഉച്ചകോടി ചർച്ചചെയ്തു.
കോവിഡ് മഹാമാരിയുടെ പ്രത്യാഘാതം ജീവിതത്തിന്റെ എല്ലാ വശങ്ങളെയും ബാധിച്ചതായി ശൈഖ് സലീം തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. രാഷ്ട്രങ്ങൾ തമ്മിലുള്ള സഹകരണവും സംയുക്ത പ്രവർത്തനവും അനിവാര്യമായ ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികൾ അവസാനിപ്പിക്കാൻ നൂതന പരിഹാരങ്ങൾക്കായി കുവൈത്ത് മന്ത്രി ആഹ്വാനംചെയ്തു. കോവിഡ് ഭക്ഷ്യപ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പൗരന്മാർക്കും പ്രവാസികൾക്കും വാക്സിനുകൾ നൽകുന്നതിൽ ഉയർന്ന നിരക്ക് കൈവരിച്ച രാജ്യങ്ങളിലൊന്നാണ് കുവൈത്ത് എന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോളതലത്തിൽ, കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കുന്നത് കുവൈത്ത് തുടരുന്നു. ആഗോള ആരോഗ്യ സുരക്ഷ വർധിപ്പിക്കാൻ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മഹാമാരിയുടെ പ്രത്യാഘാതങ്ങളെയും ലോകം നേരിടുന്ന മറ്റു വെല്ലുവിളികളെയും അഭിമുഖീകരിക്കുന്നതിന് സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള എൻ.എ.എം അംഗരാജ്യമെന്ന നിലയിൽ എല്ലാവർക്കും ഉത്തരവാദിത്തമുള്ളതായും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രങ്ങളുടെ വികസനവും സമൃദ്ധിയും കൈവരിക്കുന്നതിന് പരസ്പര സഹകരണവും ഏകോപനവും വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. പ്രതിസന്ധി കൈകാര്യംചെയ്യുന്നതിൽ അസർബൈജാന്റെ ഫലപ്രദവും ക്രിയാത്മകവുമായ പങ്കിനെയും ശൈഖ് സലീം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.