കുവൈത്ത് സിറ്റി: അധികാര ദുർവിനിയോഗവും പ്രീണനവും സംബന്ധിച്ച എം.പി ഹംദാൻ അൽ അസ്മിയുടെ ആരോപണങ്ങളെ വാണിജ്യ, വ്യവസായ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ മുഹമ്മദ് അൽ ഐബാൻ തള്ളി. മന്ത്രിമാരുടെ ചുമതലകൾ വഹിക്കവെ താൻ ഒരു ലംഘനവും നടത്തിയിട്ടില്ലെന്ന് മുഹമ്മദ് അൽ ഐബാൻ ദേശീയ അസംബ്ലിയിൽ വ്യക്തമാക്കി. അൽ അസ്മിയുടെ ദേശീയ അസംബ്ലിയിലെ വിചാരണപ്രമേയം പൊതുതാൽപര്യത്തെക്കാൾ വ്യക്തിപരമായ നേട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് മന്ത്രി പറഞ്ഞു. ആരോപണങ്ങളിലെ ലംഘനങ്ങളുടെ വിവരങ്ങൾ പരിശോധിക്കാത്തതിന് എം.പിയെ മന്ത്രി വിമർശിച്ചു.
അധികാര ദുർവിനിയോഗം, അശ്രദ്ധ, സാമ്പത്തികവും ഭരണപരവുമായ ലംഘനങ്ങൾ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള സംസ്ഥാന ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ പരാജയം തുടങ്ങിയ വിഷയങ്ങളിലാണ് താൻ സമർപ്പിച്ച പ്രമേയം ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് എം.പി അൽ അസ്മി സൂചിപ്പിച്ചു. അധികാര ദുർവിനിയോഗത്തിലൂടെയും യോഗ്യതയില്ലാത്ത വ്യക്തികളെ തന്റെ അധികാരപരിധിയിലുള്ള വിവിധ സ്ഥാപനങ്ങളിൽ നിയമിക്കുന്നതിലൂടെയും മന്ത്രി രാജ്യത്തെ അപകടത്തിലാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മന്ത്രി അൽ ഐബാന്റെ ഭരണകാലത്ത് സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിനെയും എം.പി ഹംദാൻ അൽ അസ്മി വിമർശിച്ചു.
വിചാരണ പ്രമേയത്തിൽ അവിശ്വാസ വോട്ടെടുപ്പ് നടന്നില്ല
കുവൈത്ത് സിറ്റി: വാണിജ്യ-വ്യവസായ മന്ത്രി മുഹമ്മദ് അൽ ഐബാനെതിരെ എം.പി ഹംദാൻ അൽ അസ്മി സമർപ്പിച്ച വിചാരണ പ്രമേയത്തിന്റെ ചർച്ച അവിശ്വാസ വോട്ടിനായി സമർപ്പിക്കാതെ അവസാനിച്ചതായി നാഷനൽ അസംബ്ലി സ്പീക്കർ അഹമ്മദ് അൽ സദൂൻ അറിയിച്ചു. സംവാദത്തിനിടെ, അധികാര ദുർവിനിയോഗത്തെയും പ്രീണനത്തെയുംകുറിച്ചുള്ള ആസ്മിയുടെ അവകാശവാദങ്ങൾ ഐബാൻ നിരസിച്ചിരുന്നു. മന്ത്രിയെന്ന ചുമതലകളിൽ പങ്കെടുക്കുമ്പോൾ താൻ ഒരു ലംഘനവും നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.