കുവൈത്ത് സിറ്റി: കാർഷിക വിനോദസഞ്ചാര ലൈസൻസ് അനുവദിക്കാൻ കാർഷിക മത്സ്യവിഭവ അതോറിറ്റി ആലോചിക്കുന്നു. ഫാം ടൂറിസത്തിന് വലിയ സാധ്യതയുണ്ടെന്നാണ് അധികൃതർ കരുതുന്നത്. ഇപ്പോൾ തന്നെ സ്വദേശികളും വിദേശികളും ഒഴിവുദിവസങ്ങൾ ആഘോഷിക്കാൻ പോകുന്ന പ്രധാന ഇടം കാർഷിക മേഖലയിലെ ഫാം ഹൗസുകളാണ്. ഇവ പലതും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതാണ്. കഴിഞ്ഞ ആഴ്ച അബ്ദലിയിലെ മൂന്ന് ഫാം ഹൗസുകൾ അധികൃതർ പൂട്ടിച്ചിരുന്നു. അനുമതിയില്ലാതെ വിനോദ പരിപാടികൾ നടത്തിയതിനാണ് നടപടി നേരിട്ടത്. എന്നാൽ, ഇതിനെതിരെ പൊതുജനാഭിപ്രായമുണ്ടായി. രാജ്യത്ത് വിനോദ പദ്ധതികൾ ആവശ്യത്തിന് ഇല്ലാതിരിക്കെ ഫാം ഹൗസുകളിലെ വിനോദ പരിപാടികൾക്കെതിരെ നടപടിയെടുത്തത് ശരിയായില്ലെന്നാണ് കുവൈത്തികൾ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കൃഷി, വിനോദസഞ്ചാരം എന്നിവയിൽ ഒരുമിച്ച് ഒരുപാട് സംഭാവന ചെയ്യാൻ കഴിയുന്ന ഫാം ഹൗസുകൾക്ക് പ്രോത്സാഹനം നൽകുകയാണ് വേണ്ടതെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. തുടർന്നാണ് കാർഷിക മത്സ്യവിഭവ അതോറിറ്റി വിഷയം ഗൗരവമായി ചർച്ച ചെയ്യുന്നത്. അതേസമയം, നിയമാനുസൃതം പ്രവർത്തിക്കണമെന്ന് ഫാം ഉടമകൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. സർക്കാർ ഭൂമി ഏതൊക്കെ വ്യവസ്ഥയിൽ ഏത് ആവശ്യത്തിനാണോ നൽകിയത് അതിന് മാത്രം ഉപയോഗിക്കണമെന്നാണ് മുന്നറിയിപ്പ്. അബ്ദലി, വഫ്റ, കബ്ദ് എന്നിവിടങ്ങളിലാണ് കാർഷിക വിനോദസഞ്ചാര വികസനത്തിന് പരിഗണിക്കുന്നത്. സർക്കാർ തലത്തിൽ തന്നെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചുനൽകും. ഇതുസംബന്ധിച്ച് കാർഷിക പബ്ലിക് അതോറിറ്റി അടുത്ത ദിവസം കുവൈത്ത് മുനിസിപ്പാലിറ്റിയുമായി ചർച്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.