കുവൈത്ത് സിറ്റി: പത്തുവർഷത്തോളം കുവൈത്തിൽ പ്രവാസിയായിരുന്ന പാലക്കാട് തിരുമിറ്റക്കോട് സ്വദേശി മുസ്തഫയുടെ ചികിത്സക്ക് സുഹൃത്തുക്കൾ ഒരുമിക്കുന്നു. ഇരു വൃക്കകളും തകരാറിലായ മുസ്തഫക്ക് വൃക്ക മാറ്റി വെച്ചല്ലാതെ ജീവിതം തുടർന്ന് പോകാനാവില്ലെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. വൃക്ക മാറ്റിവെക്കുന്നതിനും തുടർചികിത്സക്കുമായി 40 ലക്ഷം രൂപയോളം ചെലവ് വരും. ഇത്രയും തുക എങ്ങനെ കണ്ടെത്തും എന്ന ആശങ്കയിലൂടെയാണ് മുസ്തഫയുടെ ജീവിതം ഇപ്പോൾ കടന്നുപോകുന്നത്.
കുവൈത്തിൽ ഡ്രൈവറായിരുന്ന മുസ്തഫ അബ്ബാസിയയിലായിരുന്നു താമസം. കുവൈത്തിൽ വെച്ചാണ് വൃക്കകൾ തകരാറിലായ വിവരം അറിയുന്നത്. ചികിത്സ നടത്തിയെങ്കിലും ഭേദമാകാതെ വന്നപ്പോൾ നാലുമാസം മുമ്പാണ് ജോലി ഉപേക്ഷിച്ച് നാട്ടിൽ പോയത്.
10 വർഷത്തോളം പ്രവാസി ആയിരുന്നെങ്കിലും മുസ്തഫക്ക് ചെറിയ വരുമാനം കൊണ്ട് സ്വന്തമായി സ്ഥലമോ വീടോ ഉണ്ടാക്കാനായില്ല. നാട്ടിലെത്തിയതോടെ ചികിത്സക്കൊപ്പം പ്രായാധിക്യമുള്ള മാതാപിതാക്കൾ, ഭാര്യ, വിദ്യാർഥികളായ മൂന്ന് മക്കൾ എന്നിവരടങ്ങുന്ന കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാനും കഴിയാതായി.
ഗൃഹനാഥൻ രോഗബാധിതനായതോടെ വരുമാനങ്ങളെല്ലാം നിലച്ച കുടുംബത്തിന് നിത്യചെലവുകൾ പോലും പ്രയാസകരമായി. കുട്ടികളുടെ പഠനവും പ്രതിസന്ധിയിലാണ്. മൂത്തകുട്ടി തമിഴ്നാട്ടിൽ ബി.എസ്.സി നഴ്സിങ് രണ്ടാം വർഷ വിദ്യാർഥിയാണ്.
മുസ്തഫയെ സഹായിക്കുന്നതിന് നാട്ടുകാരും പൊതു പ്രവർത്തകരും ചേർന്ന് കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. മുസ്തഫയുടെ ചികിത്സ പൂർത്തിയാക്കാൻ കാരുണ്യ മനസ്സുകളുടെ സഹായങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റജീന, തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി. സുഹ്റ എന്നിവർ രക്ഷാധികാരികളും നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.വി. ബാലചന്ദ്രൻ ചെയർമാനും സി.കെ ഹംസ കൺവീനറും, പി.പി ആലിക്കുട്ടി ട്രഷററുമായി തുടങ്ങിയ ചികിത്സാ സഹായ കമ്മിറ്റി കൂറ്റനാട് എസ്.ബി.ഐ. ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട് (A/c No: 42406181 982. IFSC:SBIN0013222) ഫോൺ- +91 95775 50066. ചികിത്സ സഹായത്തിനായി കുവൈത്തിലുള്ള സുഹൃത്തുക്കൾ വഴിയും ശ്രമം നടത്തിവരുകയാണെന്ന് സഹോദരൻ അബ്ദുൽ മനാഫും, നസീർ പാലക്കാടും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.