കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്നു ശേഖരം പിടികൂടി. കുവൈത്തും ലബനാനും തമ്മിലുള്ള ഏകോപനത്തിന്റെ ഭാഗമായി 800 കിലോ ഹഷീഷാണ് പിടികൂടിയതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. തിരിച്ചറിയാത്ത രീതിയിൽ പാക്ക്ചെയ്ത മയക്കുമരുന്നു ലബനാനിൽനിന്ന് കുവൈത്തിലേക്ക് കടത്താനായിരുന്നു നീക്കം. ഇതേക്കുറിച്ച് രഹസ്യ വിവരം ലഭിച്ച കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ നാർക്കോട്ടിക് കൺട്രോൾ വിഭാഗം ലബനാൻ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ബൈറൂത് കസ്റ്റംസ് അധികൃതർക്കും വിവരം കൈമാറി. തുടർന്ന് ലബനാൻ സുരക്ഷാസേന കയറ്റുമതി ചെയ്യുന്നതിനു മുമ്പ് മയക്കുമരുന്ന് പിടിച്ചെടുത്തു.
തിരിച്ചറിയാത്ത രീതിയിൽ മറച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ചെറിയ പാക്കറ്റുകളിലാക്കി വലിയ ബുള്ളറ്റ് പ്രൂഫ് പെട്ടികളിൽ മറ്റു വസ്തുക്കൾക്കൊപ്പം നിറച്ച നിലയിലായിരുന്നു ഇവ. പ്രതികളിലൊരാളെ ലബനാൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട വകുപ്പിന് കൈമാറി. മറ്റു പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
മേഖലയിലെ മയക്കുമരുന്ന് നിയന്ത്രണ ഏജൻസികൾ തമ്മിൽ രൂപപ്പെടുത്തിയ സംയുക്ത സഹകരണവും ഏകോപനവുമാണ് മയക്കുമരുന്ന് പിടികൂടാൻ സഹായകമായത്. രാജ്യങ്ങൾക്കിടയിൽ മയക്കുമരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും കള്ളക്കടത്ത് പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളുടെ കൈമാറ്റത്തിന് ധാരണയുണ്ട്. മേഖലയിൽ ലഹരി വ്യാപനം പരിമിതപ്പെടുത്താനും കള്ളക്കടത്തിന്റെ ഉറവിടങ്ങൾ കണ്ടെത്താനും ശക്തമായ പ്രവർത്തനങ്ങൾ നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.