അമീറും കിരീടാവകാശിയും ആശംസ നേർന്നു
കുവൈത്ത് സിറ്റി: 92ാം ദേശീയ ദിനം ആഘോഷിക്കുന്ന അയൽരാജ്യമായ സൗദിക്ക് ആശംസകളുമായി കുവൈത്ത്. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, സൗദി രാജാവിന് ആശംസ സന്ദേശമയച്ചു. സൗദിയുടെ വികസനത്തെയും നേട്ടങ്ങളെയും പ്രശംസിച്ച അമീർ രാജ്യത്തിന് പുരോഗതിയും സമൃദ്ധിയും ആശംസിച്ചു. സൗദി രാജാവിന് മികച്ച ആരോഗ്യവും രാജ്യത്തിന് കൂടുതൽ അഭിവൃദ്ധിയും നേടാനാകട്ടെ എന്നും അറിയിച്ചു. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും സൗദിക്ക് ആശംസകളും നേർന്നു.
രണ്ട് വിശുദ്ധ മസ്ജിദുകൾ നിലകൊള്ളുന്ന സൗദിക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരട്ടെയെന്നും കുവൈത്ത് കിരീടാവകാശി ആശംസിച്ചു. പ്രതിരോധമന്ത്രി ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹും ദേശീയ ദിനത്തിൽ സൗദിക്ക് ആശംസകൾ നേർന്നു. കുവൈത്തിനും സൗദിക്കുമിടയിലെ ആഴത്തിലുള്ള ചരിത്രപരമായ ബന്ധത്തെ അദ്ദേഹം അനുസ്മരിച്ചു. കുവൈത്തിലെ സൗദി എംബസിയിൽ നടന്ന ആഘോഷച്ചടങ്ങിൽ കുവൈത്ത് മന്ത്രിമാർ പങ്കെടുത്തു.
കേക്ക് മുറിച്ചും മധുരം പങ്കിട്ടുമാണ് ആഘോഷത്തെ ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ എംബസിയിൽ വരവേറ്റത്. സൗദിയുടെ ആഘോഷത്തിൽ കുവൈത്ത് ജനങ്ങളും ഉത്സാഹത്തിലാണെന്ന് ചടങ്ങിൽ പങ്കെടുത്ത കുവൈത്ത് ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ഡോ. മുഹമ്മദ് അൽ ഫറസ് പറഞ്ഞു.
കുവൈത്തിനും ഇത് പ്രിയപ്പെട്ട സന്ദർഭമാണ്, സൗദിക്കും ജനങ്ങൾക്കും കൂടുതൽ നേട്ടവും അഭിവൃദ്ധിയും കൈവരട്ടെ എന്നും അദ്ദേഹം ആശംസിച്ചു. വെള്ളിയാഴ്ചയാണ് സൗദി ദേശീയ ദിനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.