കുവൈത്ത് സിറ്റി: ദേശീയ ദിനത്തിന്റെ 52ാം വാർഷികത്തിൽ യു.എ.ഇക്ക് ആശംസകൾ അറിയിച്ച് കുവൈത്ത്. ദേശീയ ദിനത്തിൽ ആത്മാർഥമായ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് കുവൈത്ത് ഭരണനേതൃത്വം യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ബിൻ സുൽത്താൻ ആൽ നഹിയാന്‍ സന്ദേശം അയച്ചു. ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവർ തങ്ങളുടെ അഭിനന്ദനവും ആശംസകളും സന്ദേശത്തിൽ കൈമാറി.
എല്ലാ മേഖലകളിലും, പ്രത്യേകിച്ച് സാമ്പത്തിക, വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിൽ യു.എ.ഇ കൈവരിച്ച വികസന നേട്ടങ്ങളെ കുവൈത്ത് അമീർ പ്രശംസിച്ചു. ഇത് പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ യു.എ.ഇയുടെ അഭിമാനകരമായ പദവിയെ പ്രതിഫലിപ്പിക്കുന്നതായും സൂചിപ്പിച്ചു. കുവൈത്തും യു.എ.ഇയും തമ്മിലുള്ള സാഹോദര്യവും ആഴത്തിലുള്ള ബന്ധവും ഉണർത്തിയ അമീർ എല്ലാ മേഖലകളിലും സഹകരണം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു. ശൈഖ് മുഹമ്മദ് ബിൻ സായിദ് ബിൻ സുൽത്താൻ ആൽ നഹിയാന്‍ ആയുരാരോഗ്യവും ക്ഷേമവും നേർന്ന കുവൈത്ത് അമീർ അദ്ദേഹത്തിന്റെ ജ്ഞാനപൂർവകമായ നേതൃത്വത്തിൻ കീഴിൽ യു.എ.ഇക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരട്ടെയെന്നും ആശംസിച്ചു. കുവൈത്ത് കിരീടാവകാശിയും പ്രധാനമന്ത്രിയും ദേശീയ ദിനത്തിൽ യു.എ.ഇ പ്രസിഡന്റിന് ആരോഗ്യവും ക്ഷേമവും രാജ്യത്തിന് കൂടുതൽ സമൃദ്ധിയും നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.