കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനാഘോഷ വേളയിൽ രാജ്യത്തിന്റെ പതാകയുടെ നിറത്തിലുള്ളതും ഭൂപടത്തിന്റെ രൂപത്തിലുള്ളതുമായ ലോക്കറ്റുകൾ ട്രെൻഡ് ആകുന്നു. സ്വർണം, വെള്ളി ആഭരണങ്ങളോടൊപ്പമാണ് ദേശസ്നേഹം വിളംബരം ചെയ്യുന്ന ലോക്കറ്റുകൾ ചേർക്കുന്നത്.
വിവിധ പ്രായവിഭാഗത്തിലുള്ള ധാരാളം സ്വദേശികൾ ഇവ വാങ്ങുന്നതായി ജ്വല്ലറി ഉടമകൾ സാക്ഷ്യപ്പെടുത്തുന്നു. കുവൈത്തിന്റെ പുതിയ പതാകയുടെയും പഴയ ചുവന്ന പതാകയുടെയും മാതൃകയിലുള്ള ആഭരണം വിൽക്കപ്പെടുന്നു. കുവൈത്ത് ടവർ, മന്ത്രാലയത്തിന്റെ ലോഗോ എന്നിവയുടെ മാതൃകയിലുള്ള ആഭരണങ്ങൾക്കും ആവശ്യക്കാരേറെ.
റഷ്യ-യുക്രെയ്ൻ പ്രശ്നത്തിലെ അനിശ്ചിതാവസ്ഥ സ്വർണ വിൽപനയെ വർധിപ്പിച്ചിട്ടുണ്ട്. കുവൈത്തികൾ പൊതുവെ സ്വർണാഭരണങ്ങൾ വൻതോതിൽ ഉപയോഗിക്കുന്നവരല്ലെങ്കിലും നിക്ഷേപമായി കണ്ട് വാങ്ങുന്നതായാണ് വിപണിയിൽനിന്നുള്ള വിവരം. വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുമ്പോൾ സ്വർണവില വർധിക്കാറുണ്ട്.
സ്റ്റോക്ക് മാർക്കറ്റ് പോലെയുള്ളവയിൽനിന്ന് ആളുകൾ നിക്ഷേപം സ്വർണത്തിലേക്ക് മാറുന്നത് കൊണ്ടാണിത്. സ്വർണ ബിസ്ക്കറ്റുകളും നാണയങ്ങളുമാണ് നിക്ഷേപ ലക്ഷ്യത്തോടെ വാങ്ങുന്നത്. ദേശീയദിനാഘോഷത്തിന്റെ ആരവമാണ് കൊടിനിറത്തിലുള്ള സ്വർണം, വെള്ളി ആഭരണങ്ങളുടെ വിൽപന വർധിക്കാൻ കാരണം.
വലിയ ആഘോഷമാണ് കുവൈത്തിന്റെ തെരുവുകളിൽ കാണുന്നത്. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷം ആഘോഷ പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നതിനാൽ ഇത്തവണ പതിവിലും ഏറെയാണ് ആഘോഷം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.