കുവൈത്ത് സിറ്റി: നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷ വിജയകരമായി പൂർത്തിയാക്കി കുവൈത്തിലെ ഇന്ത്യൻ എംബസി തിലകത്തിൽ മറ്റൊരു പൊൻതൂവൽ ചാർത്തി.
മുന്നൂറോളം കുട്ടികൾ കുവൈത്തിൽ പരീക്ഷ എഴുതി.
ഇന്ത്യക്ക് പുറത്ത് ആദ്യമായി നീറ്റ് പരീക്ഷക്ക് വേദിയൊരുക്കാൻ അവസരമുണ്ടാക്കിയതിൽ അംബാസഡർ സിബി ജോർജിെൻറ നേതൃത്വത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസി നടത്തിയ ഇടപെടൽ നിർണായകമായി.
നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ എല്ലാ മാനദണ്ഡവും കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങളും പാലിച്ചാണ് ഞായറാഴ്ച രാവിലെ 11.30 മുതൽ ഇന്ത്യൻ എംബസിയിൽ പരീക്ഷ നടത്തിയത്.
കൂടുതൽ പ്രവേശന പരീക്ഷകളും മത്സരപരീക്ഷകളും ഇന്ത്യക്കാരായ പ്രവാസികൾക്ക് കുവൈത്തിൽനിന്ന് എഴുതാൻ ഭാവിയിൽ അവസരം വരുമെന്നാണ് പ്രതീക്ഷ. നീറ്റ് പ്രവേശന പരീക്ഷയുടെ വിജയകരമായ നടത്തിപ്പ് ഇതിന് കരുത്തുപകരും. രാവിലെ 11.30 മുതൽ 2.30വരെയാണ് പരീക്ഷ നടന്നത്.
നേരത്തെതന്നെ എംബസി കൃത്യമായ മാർഗനിർദേശങ്ങൾ നൽകിയിരുന്നതിനാൽ ആശയക്കുഴപ്പങ്ങളോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായില്ല.
സഹായങ്ങൾക്കായി എംബസി പരിസരത്ത് ഞായറാഴ്ച രാവിലെ 8.30 മുതൽ ഹെൽപ് ഡെസ്ക് പ്രവർത്തിച്ചിരുന്നു.
വിദ്യാർഥികളുടെ സുഗമമായ പ്രവേശനം ഉറപ്പുവരുത്താൻ നയതന്ത്ര മേഖലയുടെ പ്രവേശനകവാടത്തിൽ കുട്ടികളെ ഇറക്കുന്നരീതിയിലായിരുന്നു ക്രമീകരണം.
ഇവിടെനിന്ന് എംബസിയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ എംബസി സൗകര്യം ഏർപ്പെടുത്തി.
ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ക്രമീകരണം ഏർപ്പെടുത്തി. കുവൈത്തിൽ പരീക്ഷാകേന്ദ്രം അനുവദിച്ച ഇന്ത്യൻ ഭരണകൂടത്തിനും കുവൈത്ത് ഭരണകൂടത്തിനും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനും സന്നദ്ധ പ്രവർത്തകർക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ മാനേജ്മെൻറുകൾക്കും എംബസി നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.