കുവൈത്ത് സിറ്റി: പുതിയ അന്താരാഷ്ട്ര വിമാനത്താവളം (ടി- 2) നിർമാണ പ്രവർത്തനങ്ങൾ പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽകാര്യ സഹമന്ത്രിയുമായ ഡോ. നൂറ അൽ മഷാൻ വിലയിരുത്തി.
രാജ്യത്തെ സാമ്പത്തിക വളർച്ചയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രധാന പദ്ധതിയാണ് പുതിയ വിമാനത്താവളമെന്ന് മന്ത്രി ഉണർത്തി. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ശൈഖ് ഹമദ് അൽ മുബാറക്കും വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
നിർമാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും തടസ്സങ്ങൾ ഒഴിവാക്കി സമയബന്ധിതമായി പൂർത്തിയാക്കാനും യോഗം നിർദേശിച്ചു. പദ്ധതിയുടെ വിജയത്തിനായുള്ള സർക്കാറിന്റെ അർപ്പണബോധം മന്ത്രി അൽ മഷാൻ ആവർത്തിച്ചു. പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ഫലപ്രദമായ സഹകരണം അനിവാര്യമാണെന്നും അവർ പറഞ്ഞു.
സുരക്ഷാ തടസ്സങ്ങൾ മാറ്റി സ്ഥാപിക്കുന്നതിന് സിവിൽ ഏവിയേഷൻ അതോറിറ്റിയുമായുള്ള ഏകോപനം, മാലിന്യ നിർമാർജനം, വിമാന ഇന്ധന സംവിധാനങ്ങൾക്കായി സബ് കോൺട്രാക്ടർമാരുടെ അംഗീകാരം വേഗത്തിലാക്കുക എന്നിവ മുൻഗണനകളോടെ നടപ്പാക്കാനും നിർദേശിച്ചു. പുതിയ വിമാനത്തവള റോഡിന് അനുയോജ്യമായ റൂട്ട് നിർണയിക്കലും വിലയിരുത്തി.
സൈബർ സുരക്ഷയാണ് പദ്ധതിയുടെ പ്രഥമ പരിഗണന. സുരക്ഷാ സ്പെസിഫിക്കേഷനുകൾ സൂക്ഷ്മമായി പരിശോധിക്കുന്നതിനായി നാഷനൽ സൈബർ സെക്യൂരിറ്റി സെന്ററുമായി സഹകരിച്ച് ശിൽപശാലകൾ നടത്തുന്നുണ്ടെന്നും ഡോ. അൽ മഷാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.