കുവൈത്ത് സിറ്റി: പുതിയ മന്ത്രിസഭ രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് മുൻ സ്പീക്കർമാരുമായും പ്രധാനമന്ത്രിമാരുമായും പതിവ് ചർച്ചകൾ നടത്തി.
ബയാൻ പാലസിൽ കഴിഞ്ഞ ദിവസം അമീർ ദേശീയ അസംബ്ലി സ്പീക്കർ അഹമ്മദ് അൽ സാദൂനെയും മുൻ സ്പീക്കർ മർസൂഖ് അൽ ഗാനമിനെയും സ്വീകരിച്ചു.
രാജിവച്ച പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, മുൻ പ്രധാനമന്ത്രിമാരായ ശൈഖ് നാസർ അൽ മുഹമ്മദ് അസ്സബാഹ്, ശൈഖ് ജാബിർ അൽ മുബാറക് അസ്സബാഹ്, ശൈഖ് സബാഹ് അൽ ഖാലിദ് അസ്സബാഹ് എന്നിവരുമായും അമീർ ചർച്ച നടത്തി. പുതിയ മന്ത്രിസഭ രൂപവത്കരണത്തിന് പ്രധാനമന്ത്രിയെ നാമകരണം ചെയ്യുന്നതിനുമുമ്പ് ഭരണഘടനക്ക് അനുസൃതമായി അമീർ നടത്തുന്ന പതിവ് കൂടിയാലോചനയുടെ ഭാഗമാണിത്. ഡിസംബർ 20ന് പുതിയ അമീറായി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ദേശീയ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്തതിന് പിറകെ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് രാജി സമർപ്പിച്ചിരുന്നു.
അമീർ ഇത് അംഗീകരിക്കുകയും അദ്ദേഹത്തെ തന്നെ താൽക്കാലി ചുമതല ഏൽപ്പിക്കുകയും ചെയ്തു.പുതിയ മന്ത്രിസഭ രൂപവത്കരിക്കാൻ ശൈഖ് അഹ്മദിനെ വീണ്ടും നിയമിക്കണോ പ്രധാനമന്ത്രിയായി പുതിയ വ്യക്തി വേണോ എന്ന് അമീറിന് തീരുമാനമെടുക്കാം. പ്രധാനമന്ത്രിയാണ് മന്ത്രിസഭയിലെ അംഗങ്ങളെ നിശ്ചയിക്കുക. വൈകാതെ ഇതിൽ തീരുമാനം വരും. അതുവരെ നിലവിലുള്ള മന്ത്രിസഭ ചുമതല നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.